2020ൽ ലോകത്ത് ചിരി പടർത്തിയ ജന്തുലോക വിശേഷങ്ങളിലൊന്നായിരുന്നു സഞ്ചാരികളെ ചീത്തവിളിക്കുന്ന തത്തകളുടെ കഥ. ബ്രിട്ടനിലെ ഫ്രിസ്ക്നിയിലുള്ള ലിങ്കൺഷയർ വന്യജീവി പാർക്കിലായിരുന്നു സംഭവം. അന്നു അസഭ്യം പറയുന്ന 5 ആഫ്രിക്കൻ തത്തകളെയും തൊട്ടടുത്ത വർഷം മൂന്നെണ്ണത്തിനെയും കൂടി തെറിവിളിക്കേസിൽ മൃഗശാല അധികൃതർ മറ്റു തത്തകളിൽ നിന്നു നീക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇവയെ തിരികെ നൂറിലധികം തത്തകളുടെ കൂട്ടത്തിൽ വിടാൻ ഒരുങ്ങുകയാണ്.
തത്തകൾ ഒറ്റപ്പെട്ടു കഴിയേണ്ട ജീവികളല്ലെന്നും അവ കൂട്ടത്തിലാണു ജീവിക്കേണ്ടതെന്നും അധികൃതർ അറിയിച്ചു . എന്നാൽ ഇവരുെട തെറിവിളി ശീലം എത്തുന്ന ഗ്രൂപ്പിലെ മറ്റു തത്തകളും പിടിച്ചെടുക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നു.
2020 ഓഗസ്റ്റിലാണ് ആഫ്രിക്കൻ ഗ്രേ വിഭാഗത്തിൽ പെട്ട അഞ്ച് വെള്ളത്തത്തകളെ പാർക്ക് അധികൃതർ ഏറ്റെടുത്തത്. എറിക്, ജേഡ്, എൽസി, ടൈസൻ, ബില്ലി എന്നിങ്ങനെയായിരുന്നു ഇവരുടെ പേരുകൾ. 5 വ്യത്യസ്ത ഉടമസ്ഥരില്‍ നിന്ന് എത്തിയവരായിരുന്നു ഇവർ. കോവിഡ് കാലമായതിനാൽ പാർക്കിലെത്തിച്ച് കുറച്ചുദിവസം ക്വാറന്റീനിലിരുത്തി.ആ കാലഘട്ടത്തിൽ എല്ലാവരും കൂട്ടിൽ നല്ല സംസാരവും പെരുമാറ്റവുമൊക്കെയായിരുന്നു. ‘ആഹാ, എത്ര നല്ല ഭംഗിയുള്ള തത്തകൾ’ അടക്കവും ഒതുക്കവും പ്രകടിപ്പിച്ച് ചിറകുമൊതിക്കിയിരുന്ന തത്തകളെ നോക്കി പാർക്ക് അധികൃതർ പറഞ്ഞു.
തുടർന്ന് ഇവയെ നല്ലൊരു സമയം നോക്കി പ്രധാന പക്ഷി കേന്ദ്രത്തിലേക്കു മാറ്റി. അതോടെയാണു പണി പാളിയത്. വരുന്നവരെയും പോകുന്നവരെയുമൊക്കെ തത്തകൾ ചറപറാ ചീത്ത വിളിക്കാൻ തുടങ്ങി. പലരും കേട്ടാലറയ്ക്കുന്ന നല്ല ഒന്നാന്തരം ഇംഗ്ലിഷ് പച്ചത്തെറി. അരുമയായി കൊണ്ടുവന്ന തത്തകളുടെ തനി സ്വഭാവം കണ്ട് പാർക്ക് അധികൃതർ മിണ്ടാട്ടം മുട്ടി.എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അന്വേഷണം നടത്തിയ അവർക്ക് ഒന്നും മനസ്സിലായില്ല. തത്തകളിൽ ഏതെങ്കിലും ഒന്നിന്റെ ഉടമസ്ഥൻ പക്ഷിയെ ചീത്ത വാക്കുകൾ പഠിപ്പിച്ചിരിക്കാമെന്നും കൂട്ടിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് തത്തകൾ ഇതെല്ലാം കേട്ടുപഠിച്ചിരിക്കാം എന്നുമായിരുന്നു പാർക്ക് അധികൃതരുടെ നിഗമനം.
വിനോദ സഞ്ചാരികളും മറ്റും പക്ഷിക്കൂടുകൾക്കരികിലേക്ക് എത്തുമ്പോൾ തെറിവിളി ആരംഭിക്കും. ചിറകുകൾ ഒക്കെ വീശി ഗുണ്ടകളെ പോലെയുള്ള ആംഗ്യവിക്ഷേപത്തോടെ ഒരു പക്ഷി തെറിവിളിക്കുമ്പോൾ മറ്റുള്ളവർ ആർത്താർത്ത് ചിരിക്കും. പാർക്കിലെത്തിയവർ പൊടുന്നനെയുള്ള ഈ തെറിവിളി കേട്ട് ഞെട്ടിത്തരിച്ച് നിൽക്കും. ഇതു കാണുമ്പോൾ തത്തകൾക്ക് കൂടുതൽ രസം കയറുകയും ഇവ കൂടുതൽ താൽപര്യത്തോടെ തെറിവിളി തുടരുകയും ചെയ്തു. തത്തകളുടെ ഈ വികൃതി അന്നു പലരും കുസൃതിയായിട്ടെടുത്തെങ്കിലും മറ്റു ചിലർ ശക്തമായ ഭാഷയിൽ എതിർത്തു. കുട്ടികളും മറ്റും വരുന്ന പാർക്കിൽ തത്തകളുടെ ഇമ്മാതിരി തോന്ന്യാസം അനുവദിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. ഇതോടെ പാർക്ക് അധികൃതർ ബുദ്ധിമുട്ടിലായി.
വേറൊരു പ്രശ്നം കൂടിയുണ്ടായിരുന്നു. ഈ തെറിവിളി ടീമിനൊപ്പം 250 വേറെ തത്തകളുമുണ്ടായിരുന്നു.ഇവരുടെ സംഭാഷണം മറ്റു തത്തകൾ കേട്ടുപഠിച്ചാൽ? തെറിയോടു തെറിയായിരിക്കും പിന്നെ. ഇതു ചിന്തിച്ച പാർക്കിന്റെ ചീഫ് എക്സ്ക്യുട്ടീവ് സ്റ്റീവ് നിക്കോൾസിനു വട്ടുപിടിച്ചു. അഞ്ചെണ്ണത്തിനെയും ഉടനടി ആളുകൾ വരുന്നിടത്തു നിന്നു മാറ്റാൻ ഉത്തരവിറക്കി. 2020 സെപ്റ്റംബറിൽ ഇതു നടപ്പാക്കി. പിറ്റേവർഷമാണ് 3 തത്തകളെ കൂടി മാറ്റിയത്.
ലിങ്കൺഷയറിലെ തത്തകൾ ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട്. 2019ൽ ചിക്കോ എന്ന തത്ത പ്രശസ്ത പോപ്പ് താരം ബിയോൺസെയുടെ ‘ഇഫ് ഐ വേർ എ ബോയി’ എന്ന പാട്ടു പാടിയതിന്റെ വിഡിയോ വൈറലായിരുന്നു. ചിക്കോയ്ക്കിപ്പോൾ ഒരു ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് വരെയുണ്ട്.