Spread the love

തിരുവനന്തപുരം: മാലിന്യ നിർമാർജനം കർശനമാക്കാൻ പൊതുജനാരോഗ്യ നിയമം പ്രയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. മാലിന്യം പുറം തള്ളുകയോ രോഗപ്പകർച്ചയ്ക്ക് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയോ ചെയ്താൽ വൻ തുക പിഴയിടാക്കാനും സ്ഥാപനങ്ങള്‍ അടച്ചിടാനും അധികാരം നൽകുന്നതാണ് പൊതുജനാരോഗ്യ നിയമം. നിയമനടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരം നൽകി സർക്കാർ ഉത്തരവ് ഇറക്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് വരെ അധികാരമുണ്ട്.

2023 ലാണ് കർശന വ്യവസ്ഥകളോടെ പൊതുജനാരോഗ്യ നിയമം നിയമസഭ പാസാക്കിയത്. മാലിന്യ സംസ്കരണം കൃത്യതയോടെയല്ല ചെയ്യുന്നതെങ്കിലോ, പകർച്ചവ്യാധി ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടെങ്കിലോ സ്വീകരിക്കേണ്ട നിയമ നടപടികളെ കുറിച്ച് ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മെഡിക്കൽ ഓഫീസർമാരുടെ കീഴിൽ ഉള്ള ഈ സംവിധാനത്തിൽ വൻ തുക പിഴ ഈടാക്കാൻ ഉള്ള വ്യവസ്ഥ ഉണ്ട്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ വ്യക്തികളിൽ നിന്ന് 2,000 രൂപ വരെ പിഴ ഈടാക്കാം. മാലിന്യം നിക്ഷേപിക്കുന്നത് ഒരു സ്ഥാപനമാണെങ്കിൽ പിഴ ഈടാക്കുന്നതിനൊപ്പം തന്നെ സ്ഥാപനം അടച്ചിടാനും ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട്.

മാലിന്യം കുമിഞ്ഞു കൂടി പകർച്ചവ്യാധികൾ ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിച്ചാൽ കൂടുതൽ നിയമനടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ വരുന്ന ഓരോ പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങളിലെയും മെഡിക്കൽ ഓഫീസർ ഇനി പബ്ലിക് ഹെൽത്ത് ഓഫീസർമാരാണ്. ഏതെങ്കിലും സ്ഥലത്ത് പബ്ലിക് ഹെൽത്ത് ഓഫീസർ ഇല്ലാത്ത ഒരു സാഹചര്യത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റാങ്ക് മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ നേരിട്ട് എത്തി പരിശോധന നടത്തി നിയമനടപടി സ്വീകരിക്കാനുള്ള അധികാരവും നിയമത്തിൽ ഉണ്ട്. നിയമ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് പത്ത് ജില്ലകളിൽ ഇറക്കിയിട്ടുണ്ട്. മാലിന്യം നിർമാർജനത്തിനും പകർച്ചവ്യാധി പ്രതിരോധത്തിനും ഇത്രയും കർശനമായ ഒരു നിയമം നിയമസഭ പാസാക്കിയിട്ട് വർഷം ഒന്നു കഴിഞ്ഞു.

Leave a Reply