Spread the love

പേരന്‍റിംഗ് എന്നത് വലിയ വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന് പറയാറുണ്ട്. ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയും മറ്റ് സാങ്കേതികവിദ്യകളുമായൊക്കെ എക്സ്പോഷര്‍ ഉള്ള, ഇന്‍ഫോംഡ് ആയ മക്കളും മാതാപിതാക്കളും തമ്മിലുള്ള ജനറേഷന്‍ ഗ്യാപ്പ് വളരെ വലുതാണെന്നതാണ് യാഥാര്‍ഥ്യം. അവരോട് സൗ ഹൃദത്തോടെ ഇടപെട്ടാല്‍ മാത്രമേ അവര്‍ തങ്ങളുടെ പ്രശ്നങ്ങളും മറ്റും രക്ഷിതാക്കളുമായി പങ്കുവെക്കൂ എന്ന് കൗണ്‍സിലര്‍മാരും മറ്റും എടുത്ത് പറയാറുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍.

ഇന്നത്തെ കാലത്ത് രക്ഷിതാവും കുട്ടിയുമായുള്ള ബന്ധം കൂടുതല്‍ സൗഹാര്‍ദ്ദപരമാണെന്നും എന്നാല്‍ അതൊരു സൗഹൃദത്തിലേക്ക് പോകേണ്ടതുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അഭിഷേക് ബച്ചന്‍ പറയുന്നു. “നിങ്ങള്‍ നിങ്ങളുടെ കുട്ടിയോട് സൗഹൃദത്തോടു കൂടിത്തന്നെയേ ഇടപെടാവൂ. എന്നാല്‍ നിങ്ങള്‍ക്ക് അവരുടെ സുഹൃത്ത് ആവാന്‍ കഴിയില്ല. നിങ്ങള്‍ അവരുടെ രക്ഷിതാവാണ്. അവരെ സംരക്ഷിക്കുകയും വഴി കാട്ടുകയുമാണ് നിങ്ങളുടെ ഉത്തരവാദിത്തം. എന്നാല്‍ സൗഹാര്‍ദ്ദപൂര്‍ണ്ണമായിരിക്കണം നിങ്ങളുടെ ഇടപെടലുകള്‍. എന്നാല്‍ മാത്രമേ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നിങ്ങളെ സമീപിക്കാന്‍ അവര്‍ക്ക് തോന്നൂ. എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ ആദ്യം വിളിക്കാന്‍ തോന്നുന്ന ആളായി നിങ്ങള്‍ മാറുകയുള്ളൂ. എന്നാല്‍ ആത്യന്തികമായി നിങ്ങള്‍ ഒരു രക്ഷിതാവാണെന്ന് മറന്നുപോകരുത്. കുട്ടികള്‍ക്കും ആ വ്യത്യാസം മനസിലാവണം. ഇതാണ് എന്‍റെ വിശ്വാസം”, അഭിഷേക് ബച്ചന്‍ പറഞ്ഞു.

രക്ഷിതാവായി മാറുമ്പോള്‍ ഒരുപാട് പേര്‍ തങ്ങളുടെ ഉപദേശങ്ങളുമായി രംഗത്തെത്തുമെന്നും എന്നാല്‍ ഇത് സ്വയം കണ്ടെത്തലിന്‍റെ ഒരു യാത്രയാണെന്നും ഓരോരുത്തരും അവരവരുടേതായ തെറ്റുകള്‍ വരുത്തുമെന്നും അഭിഷേക് ബച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഹൌസ്‍ഫുള്‍ 5, ബി ഹാപ്പി എന്നിവയാണ് അഭിഷേക് ബച്ചന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

Leave a Reply