ഒരു ലാൽ ജോസ് സിനിമയിലൂടെ മലയാളി മനസുകളിലേക്ക് കയറി വന്ന് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. ചെയ്ത കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടും സിനിമകളുടെ ജനപ്രിയത കൊണ്ടും പിന്നീടങ്ങോട്ട് അനുശ്രീ മലയാളികൾക്ക് ഏറ്റവുമടുത്തൊരാളായി മാറുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം സൈബറിടത്തിൽ വൈറലായ താരത്തിന്റെ ഒരു വിഡിയോയായിരുന്നു ആലപ്പുഴയിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിനായെത്തിയ താരം ഒരു ചെറിയ കാരണത്തിൽ കരയുന്നത്.
ഉദ്‌ഘാടന ചടങ്ങുമായി ബന്ധപ്പെട്ട നറുക്കെടുപ്പിൽ തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് തെറ്റിദ്ധരിച്ച ഒരു വയോധികൻ സദസിൽ നിന്ന് സ്‌റ്റേജിലേക്ക് കയറിപോവുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ സ്റ്റേജിലേക്ക് കയറേണ്ടി വന്ന വൃദ്ധന് തനിക്കല്ല സമ്മാനം എന്നറിഞ്ഞതോടെ തിരിച്ചിറങ്ങേണ്ടി വന്നു. സംഭവം കണ്ടു നിന്ന നടി വികാരാധീതയായി വിങ്ങി പൊട്ടുകയായിരുന്നു. അനുശ്രീയുടെ വിഷമം മനസിലാക്കിയ കടയുടമ വേദിയിൽ വച്ചുതന്നെ വൃദ്ധന് സമ്മാനം പ്രഖ്യാപിച്ചു. പിന്നീട് അനുശ്രീയും അദ്ദേഹത്തിന് ഒരു തുക കൈമാറിയിരുന്നു ഇപ്പോഴിതാ വൈറൽ വിഡിയോയിൽ പ്രതികരിച്ചിരിക്കുകയാണ് അനുശ്രീ,
“എല്ലാവരും വീഡിയോയിൽ കണ്ട കാര്യം തന്നെയാണ് അന്ന് നടന്നത്. ഒരു ഉദ്ഘാടനത്തിന് പോയതാണ്. ലക്കി ഡ്രോ ഉണ്ടായിരുന്നു. ആ അങ്കിളിന്റെ ഡിജിറ്റിനോട് സാമ്യമായ നമ്പർ ആണ് നറുക്കെടുത്തത്. അങ്കിൾ വിചാരിച്ചത് പുള്ളിക്കാരന്റെ നമ്പറാണെന്ന്. അതാണ് സ്റ്റേജിലേക്ക് വന്നത്”, എന്ന് അനുശ്രീ പറയുന്നു.
“അതേകുറിച്ച് കുറേയൊന്നും പറയാനില്ല. ആരെങ്കിലും കാണാൻ വേണ്ടി ചെയ്ത കാര്യമല്ല അത്. സ്റ്റേജിൽ വച്ച് വേണ്ട അകത്തുവച്ച് കൊടുക്കാം എന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ അവിടെ ഓൺലൈൻ ചേട്ടന്മാരാണ് വീഡിയോ എടുത്തത്. യാദൃശ്ചികമായി സംഭവിച്ചതാണ്. പുള്ളിക്കാരനെ കണ്ടപ്പോൾ തന്നെ എനിക്ക് സങ്കടം തോന്നി”.
“ഈ രണ്ട് ദിവസങ്ങളിൽ എനിക്ക് ഒരുപാട് കോളും മെസേജുകളും വന്നിരുന്നു. ആ അങ്കിളിനെ കാണുമ്പോൾ തങ്ങൾക്ക് തന്നെ സങ്കടം വരുന്നെന്ന് അവർ പറയുന്നുണ്ട്. വീഡിയോയിലൂടെ നിങ്ങൾക്ക് അത്രയും സങ്കടം വരുണ്ടെങ്കിൽ നേരിട്ട് കണ്ട എനിക്ക് എന്തുമാത്രം സങ്കടം വന്നു കാണുമെന്ന് ഓർക്കണം”.”സമ്മാനം ഇല്ലെന്ന് അറിഞ്ഞ് മടങ്ങിപ്പോയപ്പോൾ എന്റെ അച്ഛനെ പോലെ തന്നെയാണ് എനിക്ക് തോന്നിയത്. അച്ഛൻ, ഒരച്ഛന്റെ സങ്കടം. നെഞ്ചിടിക്കുന്നൊരു വേദനയായിരുന്നു. അപ്പോഴെനിക്ക് തോന്നിയ കാര്യം ഞാൻ ചെയ്തുവെന്നെ ഉള്ളൂ. ഞാൻ മാത്രമല്ല, ആ ഷോപ്പ് ഉടമയും അങ്കിളിനെ സഹായിച്ചു”.”രണ്ട് ദിവസത്തിൽ ഞാൻ ചെയ്തത് നന്മയാണെന്ന് ആളുകൾ പറയുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നുണ്ട്. പോസിറ്റീവ് ആയിട്ടൊരു കാര്യം ചെയ്തപ്പോൾ നമ്മുടെ ആൾക്കാരത് സ്വീകരിച്ചു. നല്ല കുട്ടി, നല്ല മോളാണെന്ന് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം”.







