
എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക.കടവന്ത്രയിൽ താമസിക്കുന്ന പത്മം, തൃശ്ശൂർ സ്വദേശി റോസിലി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂൺ എട്ടിനും പത്മത്തെ സെപ്റ്റംബർ 26 നും കൊലപ്പെടുത്തിയെന്നാണ് നിഗമനം. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്.ജ്യോത്സനെന്ന് പരിചയപ്പെടുത്തി മകന്‍റെ അമിത മദ്യപാനം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ചിരുന്നതായി ഷാഫിയുടെ സുഹൃത്തായിരുന്ന ഓമന പറഞ്ഞു. കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിൽ ഷാഫിക്കൊപ്പം പ്രതിയാണ് ഓമന. അഞ്ച് മാസം ജയിലിൽ കിടന്ന ശേഷമാണ് അന്ന് ഷാഫി പുറത്തിറങ്ങിയത്.