26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന. ഉദ്ഘാടന ചടങ്ങിന്‍റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. വന്‍ കരഘോഷത്തോടെയാണ് വേദിയിലേക്കുള്ള ഭാവനയുടെ വരവിനെ നിശാഗന്ധിയില്‍ തിങ്ങി നിറഞ്ഞ ഡെലിഗേറ്റുകള്‍ സ്വീകരിച്ചത്. ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു, എന്നായിരുന്നു രഞ്ജിത്തിന്‍റെ വാക്കുകള്‍. നിലവിളക്ക് തെളിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു. 15 സ്ക്രീനുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകള്‍ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.