24 ആശുപത്രികളിൽ കാൻസർ ചികിത്സാ സംവിധാനം
രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ വീടിനടുത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 24 ആശുപത്രികളിലാണ് കീമോതെറാപ്പി ഉൾപ്പെടെയുള്ള അത്യാധുനിക കാൻസർ ചികിത്സ നൽകാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
കീമോതെറാപ്പി, റേഡിയോതെറാപ്പി, മറ്റ് ക്യാൻസർ അനുബന്ധ ചികിത്സകൾ എന്നിവയ്ക്കായി തിരുവനന്തപുരം ആർസിസിയിലോ, മലബാർ കാൻസർ സെന്ററിലോ, മെഡിക്കൽ കോളേജുകളിലോ പോകാതെ തുടർ ചികിത്സ സാധ്യമാക്കുന്ന തരത്തിലാണ് പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ആർസിസി, മലബാർ കാൻസർ സെന്റർ എന്നിവയുമായി ചേർന്നുകൊണ്ട് കാൻസർ ചികിത്സ പൂർണമായും ഈ കേന്ദ്രങ്ങളിലൂടെ സാധ്യമാണ്. ഇവർക്ക് ആർസിസിയിലും മെഡിക്കൽ കോളേജുകളിലും ലഭിച്ചു കൊണ്ടിരിക്കുന്ന അതേ ചികിത്സ നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഈ സംവിധാനം ഒന്നുകൂടി ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാ ജില്ലകളിലുമുള്ള കാൻസർ രോഗികൾക്ക് റീജിയണൽ കാൻസർ സെന്ററുകളിൽ ലഭിച്ചിരുന്ന അതേ ചികിത്സ വീടിന് വളരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. കാൻസർ രോഗത്തിന്റെ മൂർധന്യാവസ്ഥ തടയുന്നതിനും ചികിത്സ പൂർണമായും ഉറപ്പാക്കാനും സാധിക്കുന്നു. മാത്രമല്ല യാത്ര ഒഴിവാക്കുന്നതിലൂടെ കോവിഡ് രോഗവ്യാപനം ഒഴിവാക്കാനും സാധിക്കും.
ആർ.സി.സി.യിലെ ഡോക്ടർമാർ ടെലി കോൺഫറൻസ് വഴി രോഗികളുടെ ചികിത്സാ വിവരം അതത് കേന്ദ്രങ്ങളിലെ ഡോക്ടർമാർക്ക് പറഞ്ഞ് കൊടുത്താണ് ചികിത്സ ഏകോപിപ്പിക്കുന്നത്. അത്തരക്കാരുടെ തുടർപരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകൾ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാൻ കഴിയും.