കൽപറ്റ : സ്‌കൂൾ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനു രണ്ടര വർഷം കഠിന തടവും 7000 രൂപ പിഴയും. നടവയൽ സ്വദേശി മധു (37)വിനെയാണ് കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി കെ.ആർ.സുനിൽകുമാർ ശിക്ഷിച്ചത്. ഒരു മാസം മുൻപ് മറ്റൊരു കേസിലും ഇയാളെ 5 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂൾ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികളെയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്.
അന്നത്തെ പനമരം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഒ ആയിരുന്ന കെ.എ. എലിസബത്ത് ആണ് കേസിൽ ആദ്യ അന്വേഷണം നടത്തിയിരുന്നത്. സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രൻ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ സംഘത്തിൽ സബ് എഎസ്ഐ വിനോദ് ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മേഴ്സി അഗസ്റ്റിൻ എന്നിവർ ഉണ്ടായിരുന്നു.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.