Spread the love

മെച്ചപ്പെട്ട മൃഗാരോഗ്യ പരിപാലന സംവിധാനം ഒരുക്കേണ്ടത് അനിവാര്യം: മന്ത്രി ജെ ചിഞ്ചു റാണി

കോവിഡ്, നിപ്പ പോലെയുള്ള മഹാമാരികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് മെച്ചപ്പെട്ട മൃഗ ആരോഗ്യ പരിപാലന സംവിധാനം ഒരുക്കേണ്ടത് അനിവാര്യമാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം മണ്ണുത്തി വെറ്ററിനറി കോളേജിൽ സംഘടിപ്പിച്ച ‘കേരള വെറ്ററിനറി സയൻസ് കോൺഗ്രസിന്റെ’ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഉയർന്ന നിലവാരമുള്ള രോഗപ്രതിരോധ സംവിധാനത്തിൽ ജന്തുജന്യ രോഗങ്ങൾക്കും, ഏകാരോഗ്യ സംവിധാനത്തിനും ഏറെ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏകാരോഗ്യ സംവിധാനം സമൂഹത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാരുടെ പങ്ക് നിർണായകമാണെന്ന് വിശിഷ്ടാതിഥിയായി സംസാരിച്ച റവന്യൂ മന്ത്രി അഡ്വ.കെ രാജൻ അഭിപ്രായപ്പെട്ടു.

‘കോവിഡ് പ്രതിസന്ധി നേരിടുന്നതിന് ഏകാരോഗ്യ നയത്തിന്റെ അനിവാര്യത’ എന്ന വിഷയത്തെ ആധികാരികമാക്കി വളർത്തുമൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, രോഗനിയന്ത്രണത്തിന് വേണ്ട ശരിയായ സമീപനം, കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതികാരോഗ്യവും വന്യജീവി സംരക്ഷണവും, മൃഗ സംരക്ഷണ മേഖലയിൽ സുസ്ഥിരോൽ പ്പാദനത്തിനുള്ള മാർഗങ്ങൾ, ഓമന മൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലനം എന്നിങ്ങനെ 6 സെഷനുകളിലായി ഇരുന്നൂറോളം ശാസ്ത്രീയ പ്രബന്ധങ്ങളും വെറ്ററിനറി ഡോക്ടർമാർക്ക് വേണ്ടി ഒരു പ്രത്യേക സെഷനും ഓൺലൈൻ ഓഫ് ലൈൻ മാധ്യമങ്ങളിലൂടെ സയൻസ് കോൺഗ്രസിൽ നടന്നു.

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എം കെ പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണർ ഡോ. പ്രവീൺ മാലിക്ക് ആമുഖ പ്രഭാഷണവും, കേരള വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ (ഡോ) എം ആർ ശശീന്ദ്രനാഥ് മുഖ്യ പ്രഭാഷണവും നടത്തി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മേധാവി ഡോ.എ കൗശിഗൻ സെമിനാർ പ്രബന്ധങ്ങളുടെ പ്രകാശനം നിർവഹിച്ചു.
ഓർഗനൈസിങ് സെക്രട്ടറി ഡോ.എ ആർ ശ്രീരഞ്ജിനി പദ്ധതി വിശദീകരണം നടത്തി.

സർവ്വകലാശാല രജിസ്ട്രാർ ഡോ.പി സുധീർബാബു, ഡി എ ആർ ഡോ. എൻ അശോക്, മണ്ണുത്തി വെറ്റിനറി കോളേജ് ഡീൻ ഡോ.സി ലത, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് മാനേജിങ് ഡയറക്ടർ ഡോ.ജോസ് ജെയിംസ്,
ഓർഗനൈസിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ് മായ, ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ.കെ പി മോഹൻ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply