Spread the love

ഇനി 6 ജില്ലയിൽ ആർടിപിസിആർ മതിയാകും;തീരുമാനം വാക്സിനേഷനിലെ പുരോഗതി ചൂണ്ടിക്കാട്ടി.


തിരുവനന്തപുരം : കോവിഡ് വാക്സിനേഷനിൽ മുന്നിലുള്ള 6 ജില്ലകളിൽ ഇനി ആർടിപിസിആർ പരിശോധന മാത്രം മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. വാക്സിനേഷൻ 80% പിന്നിട്ട വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലും 80 ശതമാനത്തോട് അടുത്ത തിരുവനന്തപുരം, ഇടുക്കി, കാസർകോട് ജില്ലകളിലുമാണിത്. തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവരിൽ ആന്റിജൻ കിറ്റ് ഉപയോഗിച്ചു നടത്തിയിരുന്ന സെന്റിനൽ സർവൈലൻസ് പരിശോധന ഈ ജില്ലകളിൽ ഇനിയില്ല.18 വയസ്സുകഴിഞ്ഞ എല്ലാവർക്കും ഈ മാസം 30ന് അകം ആദ്യ ഡോസ് വാക്സീൻ നൽകുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.
6 ജില്ലകളിലും രോഗലക്ഷണം ഉള്ളവരെയും സമ്പർക്ക പട്ടികയിലുള്ളവരെയും മാത്രമാകും ഇനി പരിശോധിക്കുക. അതേസമയം, ആശുപത്രികളിൽ ചികിത്സയ്ക്കു പ്രവേശിക്കുന്നവർക്കുള്ള ആന്റിജൻ പരിശോധന തുടരും. സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധനയ്ക്കും തടസ്സമില്ല.
എല്ലാ ജില്ലകളിലും ആർടിപിസിആർ പരിശോധന കൂട്ടാനും അവലോകന യോഗത്തിൽ തീരുമാനിച്ചെങ്കിലും ഇതിന്റെ പ്രായോഗികതയിൽ വിദഗ്ധർക്കു സംശയമുണ്ട്.
പ്രതിദിനം 75,000 ആർടിപിസിആർ പരിശോധന നടത്തുമെന്നു മുഖ്യമന്ത്രി ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ 1,60,152 സാംപിളുകളിൽ ആർടിപിസിആർ 54,728 മാത്രമാണ്. തമിഴ്നാട്ടിൽ സർക്കാർ മേഖലയിൽ ആർടിപിസിആർ പരിശോധന മാത്രമാണുള്ളത്. 
ഇതര സംസ്ഥാനങ്ങളിലെല്ലാം പുതിയ മെഷീനുകൾ സ്ഥാപിച്ച് ഈ പരിശോധനയുടെ ഫലം 3 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്നെങ്കിലും കേരളത്തിൽ 6 മണിക്കൂറെങ്കിലും കാത്തിരുന്നാലേ ഫലം ലഭിക്കൂ എന്നതും പ്രതിസന്ധിക്ക് കാരണമാവുന്നു.

Leave a Reply