Spread the love
നോട്ടിൽ ഗാന്ധിജിക്ക് പുറമേ ടാഗോറും എ.പി.ജെ കലാമും; എന്തിനാണ് മാറ്റമെന്ന് ചോദ്യം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഇന്ത്യൻ കറൻസികളിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് പുറമേ കവി രബീന്ദ്രനാഥ ടാഗോറിന്റെയും മുൻ ഇന്ത്യൻ പ്രസിഡൻറ് എപിജെ അബ്ദുൽ കലാമിന്റെയും ചിത്രങ്ങൾ കൊണ്ടുവരുന്നു. നോട്ടിന്റെ പുതിയ സീരിസിൽ വാട്ടർമാർക്ക് ഫിഗറുകളായി ഈ ചിത്രങ്ങൾ ധനകാര്യ മന്ത്രാലയവും ആർബിഐയും പരിഗണിക്കുന്നതായാണ് വാർത്ത. എന്നാൽ ഈ നീക്കം ഇവർക്ക് പുറമേയുള്ള പലരെയും നോട്ടുകളിൽ കൊണ്ടുവരാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണത്തിലിരിക്കുന്ന ബിജെപിക്ക് പ്രിയങ്കരരായ പലരും ഇനി നോട്ടുകളിൽ അച്ചടിച്ചു വന്നേക്കാം.

രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കളായ ജോർജ് വാഷിങ്ഡൺ, ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ, തോമസ് ജെഫേഴ്‌സൺ, ആൻഡ്രൂ ജാക്‌സൺ, അലക്‌സാണ്ടർ ഹാമിൽട്ടൺ, അബ്രഹാം ലിങ്കണടക്കമുള്ള 19ാം നൂറ്റാണ്ടിലെ ചില പ്രസിഡൻറുമാർ എന്നിവരാണ് യു.എസ്സിലെ നോട്ടുകളിലുള്ളത്.

പുതിയ നോട്ടുകൾ ഉടൻ പുറത്തിറങ്ങുമോ…?

ഗാന്ധി, ടാഗോർ, കലാം എന്നിവരുടെ വാട്ടർമാർക്കുള്ള നോട്ടുകളുടെ രണ്ട് വ്യത്യസ്ത സാംപിളുകൾ ആർബിഐയും ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിൻറിംഗ് ആൻഡ് മൈൻറ്റിനിംഗ കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഡൽഹി ഐഐടി എമിരിറ്റസ് പ്രൊഫസർ ദിലീപ് ടി. ഷഹാനിക്ക് അയച്ചതായാണ് വിവരം. ഇവയിലൊന്ന് തിരഞ്ഞെടുത്ത് ഇദ്ദേഹം സർക്കാറിന് നൽകും. ഇലക്‌ട്രോ മാഗ്‌നറ്റിക് ഇൻസ്ട്രുമെന്റേഷനിൽ സ്‌പെഷ്യലൈസ് ചെയ്യുന്ന ഷഹാനിക്ക് ഈ വർഷം ജനുവരിയിൽ മോദി സർക്കാർ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

നോട്ടുകളിൽ പുതിയ സുരക്ഷാ ഫീച്ചറുകൾ കൊണ്ടുവരാൻ രൂപവത്കരിക്കപ്പെട്ട ആർബിഐയുടെ ഒമ്പത് ആഭ്യന്തര കമ്മിറ്റികളിലൊന്ന് 2020ൽ ചില നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. അച്ചടി നിർത്തിയ രണ്ടായിരമൊഴികെയുള്ള നോട്ടുകളിൽ ഗാന്ധിജിക്ക് പുറമേ ടാഗോറിനെയും കലാമിനെയും ഉൾപ്പെടുത്തണമെന്ന് സമിതി നിർദേശിച്ചു. വാട്ടർമാർക് സാംപിളുകളുള്ള നോട്ടിന്റെ മാതൃകകൾ തയ്യാറാക്കാൻ മൈസൂർ കേന്ദ്രീകരിച്ചുള്ള ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡിനും ഹോഷംഗാബാദ് എസ്പിഎംസിഐഎല്ലിന്റെ സെക്യൂരിറ്റി പേപ്പർ മില്ലിനും 2021ൽ റിസർവ് ബാങ്ക് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സാംപിൾ തയ്യാറാക്കി ഷഹാനിക്ക് നൽകിയത്. ഇദ്ദേഹം ഇതിനെ കുറിച്ച് നിരവധി ചർച്ചകൾ നടത്തിയിരിക്കുകയാണ്.

നേതാജിയുടെ ചിത്രം വാട്ടർമാർക്കാക്കാൻ ഹൈക്കോടതിയിൽ ഹരജി

നോട്ടിൽ നേതാജിയുടെ ചിത്രം വാട്ടർമാർക്കാക്കാൻ 2017ൽ കൊൽക്കത്ത ഹൈക്കോടതിയിൽ പ്രിത്വിഷ് ദാസ്ഗുപത പൊതുതാൽപര്യ ഹരജി നൽകിയിരുന്നു. എട്ട് ആഴ്ചക്കകം ഇതിന് മറുപടി നൽകാൻ അന്ന് കോടതി കേന്ദ്രസർക്കാറിനോടും ആർബിഐയോടും ആവശ്യപ്പെട്ടിരുന്നു. ഗാന്ധിജിയും നെഹ്‌റുവും സ്വതന്ത്ര നേട്ടത്തിൽ ഏറെ പ്രകീർത്തിക്കപ്പെടുന്നുണ്ടെങ്കിൽ നേതാജിയുടെ സംഭാവന ഒട്ടും കുറവല്ലെന്ന് തെളിവുകൾ സഹിതം ഹരജിക്കാരനായ ദാസ്ഗുപ്ത സമർത്ഥിച്ചിരുന്നു.

Leave a Reply