Spread the love

ബാബുവിന്റെ പട്ടയഭൂമിയിൽ
ഒരു പങ്ക് ഭൂരഹിതർക്ക് നൽകും

ആകെയുള്ള ഭൂമിയുടെ പട്ടയം കൈപ്പറ്റിയപ്പോൾ സാധാരണക്കാരുടെ മുഖത്ത് കണ്ട പുഞ്ചിരിയാണ് പള്ളിയാറയിൽ സക്കറിയയുടെ മകൻ പി എസ് ബാബുവിന് സ്വന്തം ഭൂമിയിൽ ഒരു ഭാഗം ദാനം നൽകാനുള്ള പ്രചോദനം.
പാരമ്പര്യമായി കൈവശം വന്ന 60 സെന്റ് ഭൂമിയുടെ പട്ടയം
റവന്യൂ മന്ത്രി കെ രാജനിൽ നിന്നും കൈപ്പറ്റിയ ശേഷം അതിൽ നിന്നും 15 സെന്റ് ഭൂമി ഭൂരഹിതർക്ക് നൽകുവാൻ സന്നദ്ധത അറിയിക്കുകയായിരുന്നു ബാബു.

ഭൂമിക്ക് രേഖയില്ലാത്തവരുടെ പ്രശ്നങ്ങൾ ഏറെ അനുഭവിച്ചറിഞ്ഞ ഇദ്ദേഹം ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്തവരുടെ യാതനകളിൽ തന്നാലാവുന്നവിധം താങ്ങാവുകയാണ്. സ്വന്തമായി ഭൂമിയില്ലാത്ത
അഞ്ച് പേർക്കാണ്
ബാബു നൽകുന്ന 15 സെൻ്റ് സ്ഥലം വീടുവെക്കാനായി വീതിച്ചു നൽകുക. പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ
മേൽനോട്ടത്തിലുള്ള സമിതിയാണ് അർഹരായ ഭൂരഹിതരെ തിരഞ്ഞെടുക്കുന്നത്.

70 വർഷം മുൻപാണ്
കർഷകനായ സ്കറിയും കുടുംബവും
പുത്തൂർ പഞ്ചായത്തിലെ
ചെമ്പംകണ്ടത്ത് താമസമാരംഭിച്ചത്.
കപ്പയും പയറും വാഴയും തെങ്ങുമൊക്കെയായി
മണ്ണിൽ മല്ലിട്ടാണ് ആ കുടുംബം പുലർന്നത്. പക്ഷേ
ഈ ഭൂമിയുടെ പട്ടയം മാത്രം
ഇവർക്ക് അന്യമായിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 60 സെന്റ് ഭൂമിയുടെ
പട്ടയം കൈയിൽ കിട്ടിയ
ബാബുവിന് ആദ്യം ഓർമ്മ വന്നത്
ഭൂരഹിതരായ സാധാരണക്കാരുടെ
യാതനകളാണ്. സ്വന്തം പുരയിടം എന്ന ഓരോരുത്തരുടെയും സ്വപ്നത്തിന് സർക്കാർ നൽകുന്ന
പ്രാധാന്യം ഏറെ പ്രശംസനീയമാണെന്ന് പട്ടയം കൈപറ്റിയതിന് ശേഷം ബാബു പറഞ്ഞു.

ജനങ്ങളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു പൊതുപ്രവർത്തകൻ കൂടിയാണ് പി എസ് ബാബു.
സിപിഎം ഏരിയ കമ്മിറ്റി അംഗവും
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗവുമാണ് നിലവിൽ ഇദ്ദേഹം. ഭാര്യ ബെറ്റി മക്കൾ മരീന അലീന എന്നിവരും ബാബുവിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ പിന്തുണയുമായി കൂടെയുണ്ട്.

Leave a Reply