മലപ്പുറം/അരിപ്ര: കൈക്കുഞ്ഞുമായി വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പിതാവിനെയും കുഞ്ഞിനെയും തെരുവുനായ കടിച്ചുവലിച്ചു.
പത്തൊമ്പതുകാരനായ വിദ്യാർഥിക്കും കടിയേറ്റു. അരിപ്ര പേരയിൽ അബ്ദുറസാഖ്, മകൻ രണ്ടരവയസ്സുകാരൻ അമീൻ മുഹമ്മദ്, പെരിന്തൽമണ്ണ ഐ.ടി.ഐ. വിദ്യാർഥി അരിപ്ര കോലോതൊടി പ്രതുൽ രാജ് (19) എന്നിവർക്കാണു കടിയേറ്റത്. മൂവരും ചികിത്സയിലാണ്.
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന റസാഖിനെയും കുഞ്ഞിനെയും റോഡ് മുറിച്ചുകടന്നുവന്ന നായ ആക്രമിക്കുകയായിരുന്നു. തെറിച്ചുവീണ കുഞ്ഞിനെ മാതാവ് ഓടിയെത്തി രക്ഷപ്പെടുത്തിയങ്കിലും പിതാവിനെ നായ വീണ്ടും ആക്രമിച്ചു. ആളുകൾ ഓടിക്കൂടിയാണ് റസാഖിനെ രക്ഷിച്ചത്. റസാഖിന് കൈയ്ക്കും കുട്ടിക്ക് ചന്തിക്കുമാണ് കടിയേറ്റത്. പിതാവും കുഞ്ഞും മഞ്ചേരി മെഡിക്കൽകോളേജിലും പെരിന്തൽമണ്ണയിലും ചികിത്സതേടി. വളര്‍ത്തുമൃഗങ്ങളെയും കോഴികളെയും നായ്ക്കള്‍ ഉപദ്രവിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു.