പെരിന്തൽമണ്ണ താലൂക്കിൽ മുൻഗണന റേഷൻ കാർഡുകൾ അനർഹമായി കൈവശം വെച്ചതിന് റേഷൻ ഉപഭോക്താക്കളിൽ നിന്നും അരക്കോടി രൂപയിൽ പരം പിഴ ഈടാക്കിയതായി പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. 2022 ജൂൺ മുതൽ 2023 ഫെബ്രുവരി വരെ ഈടാക്കിയ പിഴ സംഖ്യയാണിത്.
പൊതുമേഖല, സഹകരണ മേഖല, അർദ്ധസർക്കാർ ഉദ്യോഗസ്ഥർ, സർവീസ് പെൻഷനർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ആയിരം സ്ക്വയർഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വീട്, ഒരേക്കരിൽ കൂടുതലുള്ള ഭൂമി, ആദായനികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗം അല്ലാത്ത നാല് ചക്ര വാഹനം ഉള്ളവരെ എന്നിവയാണ് ഒഴിവാക്കൽ മാനദണ്ഡങ്ങൾ. ഈ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒരെണ്ണം ഉള്ളവർ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മുൻഗണന റേഷൻ കാർഡ് കൈവശം വെക്കാൻ പാടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പെരിന്തൽമണ്ണ താലൂക്കിൽ നടത്തിയ പരിശോധനയിൽ 441 മുൻഗണന കാർഡുകളും 155 സബ്സിഡി കാർഡുകളും പിടിച്ചെടുത്തു. പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസർ പി അബ്ദുറഹിമാൻ, അസിസ്റ്റൻറ് താലൂക്ക് സപ്ലൈ ഓഫീസർ എൻ ദീപ, റേഷനിങ് ഇൻസ്പെക്ടർമാരായ എസ് സതീഷ്, ടി എ രജീഷ് കുമാർ, പി പുഷ്പ, ജീവനക്കാരായ പി എ ഗണേശൻ, പി ജയദേവ്, സിനി ജോർജ്, എം വി ധന്യ, വി രാജഗോപാൽ, പി എ സജി, കെ പ്രവീൺ, വി ടി സ്മിത എന്നിവർ നേതൃത്വം നൽകി.