മലപ്പുറം: പൊന്നാനിയിൽ നാടോടി സംഘം മയിലിനെ പിടികൂടി കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജങ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് തുയ്യത്ത് നിന്നും മയിലിനെ പിടികൂടി കറിവെച്ചത്. തമിഴ്നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശൻ എന്നിവർ ചേർന്നാണ് മയിലിനെ കറി വെക്കുകയും, ബാക്കി ഇറച്ചി ഭക്ഷണത്തിനായി തയ്യാറാക്കി വെക്കുകയും ചെയ്തത്.
തുയ്യം ഭാഗത്ത് രണ്ട് മയിലുകൾ അലഞ്ഞ് തിരിഞ്ഞു നടന്നിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയവരാണ് മയിൽ കറി കണ്ടത്. തുടർന്ന് നാട്ടുകാർ ഫോറസ്റ്റിലും, പൊലീസിലും വിവരമറിയിച്ചു.
പാചക വിദഗ്ധൻ ഫിറോസ് ചുട്ടിപ്പാറ നേരത്തെ മയിലിനെ കറിവെക്കാൻ ഇറങ്ങിത്തിരിക്കുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ ബഹുമാനിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് അന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്.