പനമരം : കാവൽക്കാരുടെ കണ്ണുവെട്ടിച്ച് ഇറങ്ങിയ കാട്ടാന നെൽക്കൃഷി വ്യാപകമായി നശിപ്പിച്ചു. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ചെഞ്ചടി പാടശേഖരത്തിലിറങ്ങിയ ഒറ്റയാനാണ് വിളവെടുപ്പിനു ദിവസങ്ങൾ മാത്രമുള്ള നെൽക്കൃഷി തിന്നുതീർത്തത്. നെയ്ക്കുപ്പ ചെഞ്ചടി രാജകുമാരി, വേണു, ലക്ഷ്മണൻ, സുരേന്ദ്രൻ, അമൽ, ശശി എന്നിവരുടെ നെല്ലാണ് കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാന നശിപ്പിച്ചത്. ഒരാഴ്ച മുൻപും ഇതിൽ ചില കർഷകരുടെ നെല്ല് കന്മതിൽ ചാടിക്കടന്നെത്തിയ കാട്ടാന നശിപ്പിച്ചിരുന്നു. പാതിരി സൗത്ത് സെക്‌ഷനിലെ ചങ്ങലമൂലയ്ക്കു സമീപത്ത് നിന്നിറങ്ങിയ കാട്ടാനയാണ് ഇന്നലെ നെൽക്കൃഷി നശിപ്പിച്ചത്.
കർഷകർ കാവലുണ്ടായിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. ലക്ഷ്മണന്റെ വയലിൽ ഇറങ്ങിയ കാട്ടാനയെ വയലിൽ നിന്ന് 2 തവണ പടക്കം പൊട്ടിച്ച് തുരത്തിയെങ്കിലും ഇവർ കാവൽമാടത്തിലേക്ക് മടങ്ങിയ തക്കം നോക്കിയിറങ്ങിയ കാട്ടാന ഒരുഭാഗത്തെ നെല്ല് പൂർണമായും തിന്നു. ഇതറിഞ്ഞ് കർഷകർ എത്തിയതോടെ കൈത്തോടുകളും തകർത്താണ് കാട്ടാന വനത്തിലേക്ക് മടങ്ങിയത്. നീളമേറിയ കൊമ്പുള്ള വലിയ ആനയാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നു കർഷകർ പറയുന്നു.