പുതുപ്പള്ളി∙ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച ബൂത്തുകളിൽ ചാണ്ടി ഉമ്മന് വൻ ലീഡെന്ന് റിപ്പോർട്ട്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിനായി മുഖ്യമന്ത്രി പ്രസംഗിച്ച ബൂത്തുകളിലാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നത്. യുഡിഎഫിന് മുന്നൂറിൽപ്പരം ലീഡാണ് ഇവിടങ്ങളിലുള്ളതെന്നാണ് വരുന്ന റിപ്പോർട്ടുകൾ.
സിപിഎം കോട്ടകളിൽ ഉൾപ്പെടെ ചാണ്ടി ഉമ്മൻ ലീഡ് ഉയർത്തി. ജെയ്ക് പ്രതീക്ഷ പുലർത്തിയ മണർകാട് പഞ്ചായത്തിൽപ്പോലും എൽഡിഎഫിന് ലീഡ് ഉയർത്താനായില്ല. മണർകാട്ടെ മുഴുവൻ ബൂത്തുകളിലും ചാണ്ടി തന്നയാണ് ലീഡ് ചെയ്തത്. 2019ലെ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തെയും ചാണ്ടി മറികടന്നു.
പോസ്റ്റൽ വോട്ടെണ്ണിയപ്പോൾ മുതൽ ചാണ്ടി ഉമ്മൻ അതിവേഗം ലീഡ് ഉയർത്തുകയായിരുന്നു. ഓരോ പഞ്ചായത്ത് എണ്ണുമ്പോഴും ലീഡ് ഉയർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു ജെയ്ക്കിന്റേത്. മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്ക്കിനെ തുണച്ചില്ലെന്ന് ആദ്യ ഫലസൂചനകൾ വന്നപ്പോൾത്തന്നെ വ്യക്തമായിരുന്നു.
തിരഞ്ഞെടുപ്പു ഗോദയിൽ മുഖ്യമന്ത്രി യുഡിഎഫിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടാത്തത് അന്നു തന്നെ ചർച്ചയായിരുന്നു. പുതുപ്പള്ളിയിൽ എൽഡിഎഫ് നേരിട്ട് എതിർക്കുന്നത് യുഡിഎഫിനെ ആയിട്ടും ഉമ്മൻ ചാണ്ടിയെയോ വിവാദങ്ങളെയോ തൊടാതെ യുഡിഎഫിനെതിരെ കടുത്ത ആക്രമണം നടത്താതെ കേന്ദ്രത്തിനെതിരയാണ് മുഖ്യമന്ത്രി സംസാരിച്ചത്.