പൊതുജന പരാതികളിൽ ആശ്വാസവും പരിഹാരവുമായി പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ‘ജനകീയം’ അദാലത്ത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് 216 പരാതികളാണ് ലഭിച്ചത്. 42 പരാതികൾ തത്സമയം തീർപ്പാക്കി. ഫറോക്ക് മുനിസിപ്പാലിറ്റി പരിധിയിൽ ഗവ. ഗണപത് സ്കൂളിൽ നടന്ന അദാലത്തിലൂടെ നിരവധിപേർക്ക് തങ്ങളുടെ പ്രശ്നങ്ങളിൽ പരിഹാരം നേടാനായി. ബാക്കിയുള്ളവയിൽ ബന്ധപ്പെട്ട വകുപ്പുകൾ തുടർനടപടി സ്വീകരിക്കും. ലഭിച്ച പരാതികളിൽ പരിശോധന നടത്തി നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പരാതികളിൽ സ്വീകരിച്ച തുടർനടപടികൾ രണ്ട് ആഴ്ചക്കകം അറിയിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജനകീയം അദാലത്തിന് ശേഷം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു പ്രതികരണം. ലഭിച്ച പരാതികളിലെ തുടർ നടപടികൾ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ ലഭിച്ചത്.
പരാതികളിൽ നടപടി സ്വീകരിക്കുന്നതിന് ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അദാലത്തിൽ എത്തിയിരുന്നു. എഡിഎം സി. മുഹമ്മദ് റഫീഖ്, സബ് കലക്ടർ ചെൽസാസിനി, ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ,അസിസ്റ്റന്റ് കമ്മീഷണർ എ.എം സിദ്ധിഖ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.