ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാങ്കുകളിലും ഇനി തിരിച്ചറിയല്‍ കാര്‍ഡായി എമിറേറ്റ്‌സ് ഐഡി നല്‍കേണ്ട കാര്യമില്ല. മറിച്ച് മൂന്നു സെക്ന്റ് നേരം ഫേഷ്യല്‍ റെക്കഗ്നിഷന്‍ ക്യാമറയ്ക്കു മമ്പില്‍ മുഖം കാണിച്ചാല്‍ മതിയാവും. അത്യാധുനിക ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം രാജ്യത്ത് നടപ്പിലാക്കിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി (ഐസിഎ) പ്രഖ്യാപിച്ചതോടെയാണിത്.
രാജ്യത്തെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കേഷന്‍ പോര്‍ട്ടലിന് വേണ്ടിയാണ് ഇതിന്റെ സേവനം ഉപയോഗപ്പെടുത്തുക. നിലവില്‍ ഐഡി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് സന്ദര്‍ശകരുടെ വിവരങ്ങള്‍ പരിശോധിക്കുന്ന രീതിക്കു പകരം പുതുതലമുറ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റം കൊണ്ടുവരാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഡിജിറ്റലാക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇ നടപ്പിലാക്കുന്ന ഗോ ഡിജിറ്റല്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇയര്‍ ഓഫ് ദി 50 പദ്ധതികളുടെ ഭാഗമായി കൂടിയാണ് പുതിയ ഡിജിറ്റല്‍ സര്‍ട്ടിഫിക്കേഷന്‍ പദ്ധതി അധികൃതര്‍ നടപ്പിലാക്കുന്നത്. നേരത്തേ കാര്‍ഡ് ഉടമയുടെ ജനനതീയതി ഉള്‍പ്പെടെ ലഭ്യമാക്കുന്ന രീതിയില്‍ എമിറേറ്റ്‌സ് ഐഡി ഐസിഎ നവീകരിച്ചിരുന്നു.
15 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ എമിറേറ്റ്‌സ് ഐഡി കാര്‍ഡ് ഉടമകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡിന് പകരം മുഖം കാണിക്കുന്ന പുതിയ സേവനം ലഭ്യമാകും. പാസ്‌പോര്‍ട്ട് നമ്പര്‍, പാസ്‌പോര്‍ട്ടില്‍ പ്രിന്റ് ചെയ്തിരിക്കുന്ന റെസിഡന്‍സ് വിസയിലെ ഒന്‍പത് അക്ക യുഐഡി നമ്പര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. പാസ്‌പോര്‍ട്ടിലെയും ഐഡി കാര്‍ഡിലെയും വിവരങ്ങള്‍ ഫെയ്‌സ് പ്രിന്റിലൂടെ ലഭ്യമാക്കുന്ന രീതിയാണിത്. ഇവയിലുള്ള വിവരങ്ങള്‍ ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനവുമായി ബന്ധിച്ചാണ് ഇത് സാധ്യമാവുന്നത്.
ബാങ്കിംഗ് സ്ഥാപനങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, ബിസിനസ് മേഖല, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഈ സേവനം ലഭ്യമാകും. സ്ഥാപനത്തിലെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ക്യാമറയിലൂടെ ഒരാളുടെ മുഖം സ്‌കാന്‍ ചെയ്യുന്നതോടെ അതിലെ വിവരങ്ങള്‍ കംപ്യൂട്ടറിലെ എമിറേറ്റ്‌സ് ഐഡിയിലെ വിവരങ്ങളുലമായി ഒത്തുനോക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇവ രണ്ടും പരസ്പരം യോജിക്കുന്നുണ്ടെങ്കില്‍ ഉപഭേക്താവിന്റെ മൊബൈലിലേക്ക് ഒരു ഒടിപി വരും. ഈ വണ്‍ ടൈം പാസ് വേഡ് സ്ഥാപനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്‍കണം. ഉദ്യോഗസ്ഥന്‍ തന്റെ കംപ്യൂട്ടറില്‍ ഈ ഒടിപി നല്‍കുന്നതോടെ വ്യക്തിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അതില്‍ ലഭ്യമാകും. പേര്, സ്വദേശം, ജനന തീയതി, വിസയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, കുടുംബ വിസയില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ഇതിലുണ്ടാകും.
ഈ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം സെല്‍ഫ് സര്‍വീസ് മെഷീനുകളിലും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളിലും ഉപയോഗിക്കാനാവുമെന്ന സവിശേഷതയും ഉണ്ട്. സര്‍ക്കാര്‍ സ്മാര്‍ട്ട് ആപ്ലിക്കേഷനുകളില്‍ ലോഗിന്‍ ചെയ്യാന്‍ ഐഡി കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതിന് പകരം സ്വന്തം മുഖം കാണിച്ചാല്‍ മതിയാവും. ഇതുവഴി സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ കസ്റ്റമര്‍ സാറ്റിസ്‌ഫേക്ഷന്‍ സെന്ററുകളില്‍ ചെല്ലാതെ തന്നെ ലഭ്യമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഉദാഹരണമായി ഐസിഎ യുഎഇ എന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പ് വഴി, എമിറേറ്റ്‌സ് ഐഡിക്കും വിസ സേവനങ്ങള്‍ക്കും അപേക്ഷിക്കാനുമാവും.