ഏറ്റുമാനൂർ : ഒന്നര മണിക്കൂർ പെയ്ത ശക്തമായ മഴയിൽ നഗരത്തിൽ വൻ വെള്ളക്കെട്ട്. ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാനപാതയിൽ വെള്ളം കയറി. റോഡിൽ മൂന്നടിക്ക് മുകളിൽ വെള്ളം കയറിയതോടെ രൂപപ്പെട്ടത് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. തോടുകൾ നിറഞ്ഞുകവിഞ്ഞ് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകിയതോടെ കാൽനടയാത്രയും ദുസ്സഹമായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3ന് ആരംഭിച്ച ശക്തമായ മഴയിലാണ് നഗരം വെള്ളക്കെട്ടിലാക്കിയത്. എംസി റോഡിൽ സെൻട്രൽ ജംക്‌ഷൻ മുതൽ പാറേക്കണ്ടം ജംക്‌ഷൻ വരെ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. പേരൂർ കവല – പേരൂർ റോഡിൽ മുട്ടിനു മുകളിലായിരുന്നു ജലനിരപ്പ്. പേരൂർ കവലയിൽ സഹകരണ ബാങ്കിന്റെ താഴത്തെ ശാഖയിലും സമീപത്തെ ഒട്ടേറെ കടകളിലും വെള്ളം കയറി. ഏറ്റുമാനൂരിലെ ഉയർന്ന പ്രദേശങ്ങളിലെ വെള്ളം പേരൂർ കവലയിലേക്കാണ് ആദ്യം ഒഴുകിയെത്തുന്നത്. ഇവിടത്തെ ഓടകളിൽ മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിനു കാരണമെന്നു നാട്ടുകാർ പറയുന്നു. ചെറുമഴയിൽ പോലും പേരൂർ കവലയിൽ വെള്ളക്കെട്ട് ഉണ്ടാകുമെന്നും ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.