പുൽപള്ളി : ആഴ്ചകളായിട്ടു തുള്ളി മഴ പോലുമില്ലാതായതോടെ മഴയെ ആശ്രയിച്ചു നെൽക്കൃഷി ചെയ്യുന്ന കർഷകർ ഞാറുനടാനാവാതെ വലയുന്നു.
വയനാട്ടിൽ ഇത്തവണ കാലവർഷം ദുർബലമായി.നടീൽ അവസാനിക്കേണ്ട സമയമായിട്ടും പലർക്കും പാടമൊരുക്കാനായിട്ടില്ല. മലയോര മേഖലയിൽ സാധാരണ മഴയുടെ പകുതി പോലും ലഭിച്ചില്ല. അതിൽ തന്നെ അതിർത്തി പ്രദേശത്തു കാര്യമായ കുറവുമുണ്ടായി. വയനാട്ടിലാകെ മഴയളവിൽ പ്രകടമായ മാറ്റവുമുണ്ടായി.
2018ൽ പ്രളയം മൂലം കൃഷിചെയ്യാൻ കഴിയാതിരുന്ന അതിർത്തി പ്രദേശത്തെ പാടങ്ങളിൽ ഇക്കൊല്ലം ജലക്ഷാമമാണു പ്രശ്നം. കബനിക്കരയിലെ പാടങ്ങളും ഇതിൽപെടും. നേരത്തെ ലഭിച്ച മഴയിൽ ഞാറ് പാകുകയും അതു നടീലിനു പാകമാവുകയും ചെയ്തു. ഞാറ് ഉപേക്ഷിക്കേണ്ടിവരുമെന്നു സംശയിക്കുന്നവരുമുണ്ട്. കബനിയുടെ കരയിലെ കൊളവള്ളി, കൃഗന്നൂർ, മരക്കടവ്, പെരിക്കല്ലൂർ, ചേകാടി പ്രദേശങ്ങളിലും കൃഷി മുടങ്ങിയിട്ടുണ്ട്. പദ്ധതികളുള്ളയിടത്ത് പമ്പിങ് നടക്കുന്നുണ്ടെങ്കിലും പലയിടത്തും വെള്ളമെത്തുന്നില്ല. രാവിലെ വെള്ളം നിറയ്ക്കുന്ന പാടം കത്തുന്ന വെയിലത്തു ഉച്ചയോടെ വരളുന്നു.
കൃഗന്നൂർ പാടത്തേക്കു വെള്ളമെടുക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലെ വലിയ മോട്ടർ തകരാറിലാണ്. ഇതു നന്നാക്കാനും പൊട്ടിത്തകർന്ന കനാലുകൾ നവീകരിക്കാനും രൂപരേഖ തയാറാക്കിയിട്ടു വർഷങ്ങളായി. തുക അനുവദിച്ചു പ്രവർത്തനം നടത്താൻ കാലതാമസം വരുന്നു. കൃഷിക്കാരെ സഹായിക്കാൻ കബനിപ്പുഴയോരത്തുകൂടി ജില്ലാ പഞ്ചായത്ത് വൈദ്യുതി ലൈൻ സ്ഥാപിച്ചിട്ടുണ്ട്. രാവിലെ ഏതാനും മോട്ടറുകളെത്തിച്ച് താൽക്കാലികമായി ജലസേചനം നടത്തിയാൽ നടീൽ പൂർത്തിയാക്കാമെന്നു കർഷകർ പറയുന്നു. ഇനി വൈകിയാൽ പാടമുറയ്ക്കുകയും നടീൽ അസാധ്യമാകുകയും ചെയ്യും. നെൽക്കൃഷി വികസനത്തിനു സർക്കാരും പഞ്ചായത്ത് സംവിധാനങ്ങളും ഒട്ടേറെ പദ്ധതികൾ ആവിഷ്ക്കരിക്കുമ്പോൾ അടിസ്ഥാന സൗകര്യമില്ലാതെ കർഷകർ വലയുന്ന കാഴ്ചയാണ് ഗ്രാമങ്ങളിലേത്.വെള്ളം നിറയ്ക്കുന്ന പാടം കത്തുന്ന വെയിലത്തു ഉച്ചയോടെ വരളുന്നു.