വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും നിശ്ചയിച്ച തിയതിയിൽ തന്നെ പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്താൻ കഴിയുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. നിലവിൽ പുലിമുട്ട് നിർമ്മാണം 1050 മീറ്റർ പൂർത്തീകരിച്ചിട്ടുണ്ട്. പുലിമുട്ട് നിർമ്മാണത്തിനുള്ള കല്ല് നിക്ഷേപം പ്രതിദിനം 13,000 ടൺ ആക്കി ഉയർത്താൻ സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അത് 15,000 ടൺ ആക്കി വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് ബാർജുകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 10 ബാർജുകളുണ്ട്. അടുത്തയാഴ്ച നാല് ബാർജുകൾ കൂടി എത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തുറമുഖത്തിന്റെ പണിക്കാവശ്യമായ പാറകൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലവിൽ പരിഹരിച്ചിട്ടുണ്ട്. പദ്ധതി പൂർത്തീകരണത്തിനാവശ്യമായ പാറകൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.ജയകുമാറിനെയും ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഇലക്ട്രിക് സബ്സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം സർക്കാരിന്റെ ഒന്നാംവാർഷിക പരിപാടിയിൽ ഉൾപ്പെടുത്തി ജനുവരിയിൽ തന്നെ നിർവ്വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.