പാരിപ്പള്ളി ∙ ജില്ലാ അതിർത്തിയിൽ ചാവർകോട് കാറ്റാടി മുക്കിൽ ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധനയിലൂടെ ആളിനെ മനസ്സിലാക്കി. ചാവർകോട് കാറ്റാടിമുക്ക് ഗംഗാലയത്തിൽ അജിത്താണ് (58) മരിച്ചത്.
കഴിഞ്ഞ 19ന് വൈകിട്ട് പറങ്കിമാവ് തോട്ടത്തിൽ വിറകു ശേഖരിക്കാൻ എത്തിയ സ്ത്രീ രൂക്ഷമായ ദുർഗന്ധം മൂലവും തുണിക്കെട്ട് പോലെ എന്തോ കിടക്കുന്നതും കണ്ടതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണു മൃതശരീരത്തിന്റെ ഭാഗങ്ങളാണെന്നു തിരിച്ചറിഞ്ഞത്. അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗം നായകൾ ഭക്ഷിച്ചിരുന്നു. മുഖവും കൈകളും നഷ്ടപ്പെട്ടിരുന്നു.
നെഞ്ചിന്റെ ഭാഗം മാത്രമാണ് അവശേഷിച്ചത്. കഴുത്തിൽ കുരുക്കിട്ട പ്ലാസ്റ്റിക് കയർ പൊട്ടിയ നിലയിലായിരുന്നു. പറങ്കിമാവിൽ പൊട്ടിയ പ്ലാസ്റ്റിക് കയറിന്റെ അവശേഷിച്ച ഭാഗം ഉണ്ടായിരുന്നു. അജിത്തിനെ (58) ജനുവരി 27 മുതൽ കാണാനില്ലായിരുന്നു. കുടുംബ വഴക്കിനെ തുടർന്നുള്ള പരാതിയിൽ പാരിപ്പള്ളി പൊലീസ് കേസെടുത്തിരുന്നു.
ബന്ധുവിന്റെ രക്ത സാംപിൾ ശേഖരിച്ചാണ് ഡിഎൻഎ പരിശോധന നടത്തിയത്. മൃതശരീരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഡിഎൻഎ പരിശോധനയിൽ ആളിനെ തിരിച്ചറിഞ്ഞതോടെ മൃതശരീരം ബന്ധുക്കൾക്കു വിട്ടു കൊടുത്തു. ഭാര്യ: ധന്യ. മക്കൾ: ധീരജ്, നീരജ് (ഇരുവരും കാനഡ).