Spread the love
നെന്മാറ വേലയ്ക്ക് ബസിന് മുകളില്‍ യാത്ര ചെയ്ത സംഭവം: നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട്: നെന്മറ – വല്ലങ്ങി വേലയുടെ വെടിക്കെട്ട് കണ്ട് മടങ്ങിയവര്‍ ബസിന് മുകളിലിരുന്ന് യാത്ര ചെയ്ത സംഭവത്തില്‍ നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എസ്.ആര്‍.ടി., കിങ്‌സ് ഓഫ് കൊല്ലങ്കോട് എന്നീ ബസുകളിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈന്‍സന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. രണ്ടു ബസുടമകള്‍ക്കും പാലക്കാട് ആര്‍.ടി.ഒ നോട്ടീസ് അയച്ചിട്ടുണ്ട്. കൂടുതല്‍ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് സാധ്യത.

ബസിന് മുകളില്‍ നിറയെ യാത്രക്കാരമായി പോകുകയും ബസിന് മുകളില്‍ കയറി കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അപകടകരമായ രീതിയില്‍ യാത്രക്കാരെ ബസിന്റെ മുകളില്‍ കയറി യാത്ര ചെയ്യാന്‍ അനുവദിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

അതേ സമയം ഈ വിഷയത്തില്‍ വിശദീകരണവുമായി ബസ് ജീവനക്കാരും രംഗത്തെത്തിയിരുന്നു. നിരവധി ബസുകള്‍ ഇത്തരത്തില്‍ സര്‍വീസ് നടത്തിയെന്നും പൊലീസ് നടപടിയെടുത്തില്ലെന്നുമാണ് ബസ് ജീവനക്കാരുടെ ആക്ഷേപം. എന്നാല്‍ പലതവണ ആവശ്യപെട്ടിട്ടും യാത്രക്കാര്‍ ഇറങ്ങിയില്ലെന്നും പൊലീസുകാര്‍ നിയന്ത്രിച്ചിട്ടും നില്‍ക്കാത്ത ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുമെന്നും ബസ് ജീവനക്കാര്‍ ചോദിക്കുന്നു. വേല ദിവസം കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ കുറവായിരുന്നുവെന്നും പരാതിയുണ്ട്.

Leave a Reply