തിരുവനന്തപുരം: ഓട്ടോ, ടാക്‌സി, ബസ് നിരക്ക് വർദ്ധനയിൽ ഉത്തരവ് ഇറക്കുന്നതുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പ് ഉന്നതതല യേഗം ഇന്ന് ചേരും. വൈകീട്ട് 3.30 ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ഗതാഗത സെക്രട്ടറി, ഗതാഗത കമീഷണറും യോഗത്തിൽ പങ്കെടുക്കും. ബസുകളിൽ വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ നിരക്ക് പുനഃപരിശോധിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയേക്കും.
ഓട്ടോറിക്ഷ മിനിമം ചാർജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി തന്നെ നിലനിർത്താൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച തുടർ നടപടികളും യോഗം ചർച്ച ചെയ്യും. വിഷുവിന് ശേഷം നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഉത്തരവിറക്കാനാണ് സാധ്യത.
അതേസമയം, ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ പുതിയ നിരക്ക് ഇനിയും പ്രാബല്യത്തിൽ വന്നിട്ടില്ല. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ മാത്രമേ വർദ്ധനവ് പ്രാബല്യത്തിൽ വരൂ. ഓട്ടോ ചാർജ് ഒന്നര കിലോമീറ്ററിന് 25 രൂപയിൽ നിന്നും 30 രൂപയാക്കി വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം. അധികം കിലോമീറ്ററിന് 12 ൽ നിന്ന് 15 രൂപയും ആക്കിയിട്ടുണ്ട്.
ടാക്സി നിരക്ക് 1500 സിസിയ്‌ക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിയ്‌ക്ക് മുകളിൽ ആണെങ്കിൽ 225 രൂപയാക്കാനുമാണ് തീരുമാനമായത്. മിനിമം ബസ് യാത്രാ നിരക്ക് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് ഉയർത്തിയിരിക്കുന്നത്.
ബസ് ചാർജ്ജിന് അനുമതി നൽകിയതോടെ മിനിമം ചാർജ്ജ് എട്ട് രൂപയിൽ നിന്നും 10 രൂപയാക്കി കൂട്ടിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ല. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് പരിശോധനകൾക്ക് ശേഷം വിശദമായ പഠനത്തിനായി കമ്മീഷനെ നിയോഗിക്കും. ബസ് ചാർജ്ജ് 12 രൂപയാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് 10 രൂപയാക്കിയത്.