
പൂയപ്പള്ളി : പെൺകുട്ടികളുടെ ഫോട്ടോകൾ നിർമിത ബുദ്ധി ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളാക്കി ഇന്റർനെറ്റിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. പൂയപ്പള്ളി മരുതമൺപള്ളി കാറ്റാടി തച്ചോണത്ത് ചിത്തിര ഭവനിൽ ടി.എസ്.സജി (21) ആണ് അറസ്റ്റിലായത്. ജില്ലാ റൂറൽ എസ്പിയുടെ നിർദേശപ്രകാരം പൂയപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. സമൂഹമാധ്യമങ്ങളിൽ പെൺകുട്ടികൾ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ ശേഖരിച്ചാണ് ഇയാൾ കുറ്റകൃത്യം നടത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലും യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചതിന് എഴുകോൺ സ്റ്റേഷനിലും പരാതി ലഭിച്ചിരുന്നു. പൂയപ്പള്ളി ഇൻസ്പെക്ടർ എസ്.ടി.ബിജു, എസ്ഐ എ.ആർ.അഭിലാഷ്, എസ്‌സിപിഒ ബിനീഷ്, സിപിഒമാരായ അൻവർ, റിജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.