സംസ്ഥാനത്ത് മാർച്ച് 24 മുതൽ സ്വകാര്യ ബസ് പണിമുടക്ക്. അനിശ്ചിതകാലത്തേക്ക് സർവീസുകൾ നിർത്തിവെക്കുന്നതായി ബസ് ഉടമകൾ അറിയിച്ചു. ചാർജ് വർധന അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.സംസ്ഥാനത്ത് ബസ് ചാർജ് വർധന ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് സ്വകാര്യ ബസ് ഉടമകൾ. പണിമുടക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രിക്ക് ബസ് ഉടമകൾ നോട്ടീസ് നൽകിയിരുന്നു. ബസ് ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ബസ് ഉടമകൾ നിവേദനം നൽകിയ കാര്യം ഗതാഗത മന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചിട്ടുമുണ്ട്.മിനിമം ബസ് ചാർജ് 12 രൂപയായി ഉയർത്തണമെന്നാണ് ബസ് ഉടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ബസ് ഉടമകൾ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ കൺസെഷൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.