Spread the love

അഹമ്മദാബാദ്: മാന്യന്മാരുടെ മൈതാനത്തൊരു മഹായുദ്ധം. ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായി പട്ടേലിന്റെ ഓർമ്മകളിരമ്പുന്ന അഹമ്മദാബാദിലെ കൂറ്റൻ വേദിയിൽ ഉരുക്കിന്റെ ഉറപ്പുള്ള പതിനൊന്ന് പേർ. ബൗണ്ടറിക്കപ്പുറം നൂറ്റി നാൽപത് കോടി സ്വ‌പ്നങ്ങൾ. നെടുനായകത്വവുമായി രോഹിത് ശർമ. ചോരത്തിളപ്പിന്റെ ഊക്കുമായി ശുഭ്മൻ ഗിൽ കൂടെയിറങ്ങും. ഓപ്പണിങ് പതറിയാൽ കോലി വരുമെന്ന അഹങ്കാരം. അയാൾക്കുമിടറിയാൽ ശ്രേയാസും രാഹുലുമുണ്ടെന്ന ആത്മവിശ്വാസം. എന്നിട്ടും രക്ഷയില്ലെങ്കിൽ സൂര്യകുമാറും രവീന്ദ്ര ജഡേജയുമുണ്ടെന്ന ആശ്വാസം. കേടറ്റ വാലറ്റവും അവസാന പ്രതീക്ഷ. പതിനൊന്ന് ബാറ്റുകളും നിശബ്ദമായാലും തീയുണ്ടകളുമായി ഷമി വരുമെന്ന ഉറപ്പിൽ അവർ എറിഞ്ഞിടാനിറങ്ങും. ബൂംറയും സിറാജും കൂട്ടിനുണ്ടാകും. ചക്രവ്യൂഹങ്ങളത്രയും ഭേദിച്ച് മുന്നോട്ടായുന്ന കങ്കാരുക്കളെയും കാത്ത് വാരിക്കുഴികളൊരുക്കി രവീന്ദ്ര ജഡേജയും കുൽദീപ് യാദവുമുണ്ടാകും.

ഇപ്പറഞ്ഞതൊന്നും തുണയ്ക്കെത്തിയില്ലെങ്കിൽ മാത്രം ഒടുക്കം ഓസീസ് ചിരിക്കും.
ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആസ്ത്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിർണായകമാണ്. ഈ മൈതാനത്ത് ടൂർണമെന്റിൽ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾക്കയിരുന്നു മുൻതൂക്കം. ഈ ലോകകപ്പിൽ നാല് മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നപ്പോൾ അതിൽ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്‌ത ടീമുകളാണ് ജയിച്ചത്. അതേസമയം, ടോസ് നിർണായകമല്ലെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറയുന്നത്. ഓരോ ദിവസവും കാലാവസ്ഥയിൽ മാറ്റമുണ്ട്. ഏത് കണ്ടീഷനിലും കളിക്കാൻ ടീം പ്രാപ്തരാണ്. ആക്രമിച്ചു കളിക്കാൻ നേരത്തെ തീരുമാനിച്ചതാണെന്നും രോഹിത് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരം.

Leave a Reply