Spread the love
ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊല്‍ക്കത്ത-ധാക്ക മൈത്രേയി, കൊല്‍ക്കത്ത-ഖുല്‍ന ബന്ധന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകൾ അടുത്തയാഴ്ച മുതല്‍ പുനഃരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്. “കൊല്‍ക്കത്ത സ്റ്റേഷനില്‍ നിന്ന് മാര്‍ച്ച് 26 മുതല്‍ പാസഞ്ചര്‍ ട്രെയിൻ സർവീസ് ആരംഭിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. മൈത്രി, ബന്ധന്‍ എക്സ്പ്രസുകൾ പഴയ ഷെഡ്യൂള്‍ പ്രകാരം ധാക്കയിലേക്കും ഖുല്‍നയിലേക്കും സർവീസ് നടത്തും,” റെയില്‍വേ അധികൃതര്‍ പറഞ്ഞു. ബ്രിട്ടീഷുകാരുടെ ഇന്ത്യാ വിഭജനത്തിന് മുമ്പ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ട്രെയിന്‍ സര്‍വീസുകള്‍ നിലവിലുണ്ടായിരുന്നു. 43 വര്‍ഷത്തോളം അടച്ചട്ടിരുന്ന ധാക്ക – കൊല്‍ക്കത്ത പാത 2008ല്‍ മൈത്രീ എക്‌സ്പ്രസിലൂടെ പുനഃരാരംഭിക്കുകയായിരുന്നു.

ധാക്കയെയും കൊൽക്കത്തയെയും ബന്ധിപ്പിക്കുന്ന, പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ആദ്യത്തെ ആധുനിക ഇന്റര്‍നാഷണല്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസാണ് മൈത്രീ എക്സ്പ്രസ്. മൈത്രീ എക്‌സ്പ്രസ് ആഴ്ചയില്‍ അഞ്ച് ദിവസമാണ് ഓടുന്നത്. നിലവിൽ ബന്ധന്‍ എക്‌സ്പ്രസ് ട്രെയിന്‍ ആഴ്ചയില്‍ രണ്ടു തവണ (ഞായര്‍, വ്യാഴം ദിവസങ്ങളില്‍) സർവീസ് നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. എന്‍ജെപി മുതല്‍ ധാക്ക വരെയുള്ള മിതാലി എക്സ്പ്രസിന്റെ സര്‍വീസും ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Leave a Reply