ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ നവംബർ 30 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു.
കൊറോണ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിൽ ഏർപ്പെടുത്തിയ യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഈ മാസം 31 ആം തീയതി അവസാനിക്കാനിരിക്കെയാണ് വിലക്ക് വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിയതായി അധികൃതർ അറിയിച്ചത്.
അതേസമയം കാർഗോ വിമാനങ്ങൾക്കും എയർ ബബിൾ കരാർപ്രകാരം സർവീസ് നടത്തുന്ന വിമാനങ്ങൾക്കും വിലക്ക് ബാധകമാകില്ല.
നിലവിൽ സൗദി അറേബ്യ ഒഴികെയുള്ള മുഴുവൻ ജിസിസി രാജ്യങ്ങളുമായും മറ്റു 20 ലധികം രാജ്യങ്ങളുമായും ഇന്ത്യ എയർ ബബിൾ കരാറിലേർപ്പെട്ടിട്ടുണ്ട്.
ഇന്ത്യ വിലക്ക് നീട്ടിയ സാഹചര്യത്തിൽ നിലവിൽ വിവിധ രാജ്യങ്ങളുമായുള്ള എയർ ബബിൾ കരാറുകൾ ഇന്ത്യ പുതുക്കിയേക്കും.
ഇനി സൗദി ഇന്ത്യക്കുള്ള വിലക്ക് നീക്കിയാൽ പോലും എയർ ബബിൾ കരാർ നിലവിൽ വന്നാൽ മാത്രമേ സൗദിയിലേക്ക് സാധാരണ രീതിയിൽ സർവീസ് നടത്താൻ സാധിക്കുകയുള്ളൂ.