ഇന്ത്യ – പാകിസ്‌ഥാൻ ക്രിക്കറ്റ് യുദ്ധം ഇന്ന്. ബാറ്റിൽ നിന്നും ബോളിൽ നിന്നും തീ പാറുന്ന പോരാട്ടം ഇന്ന് നടക്കും.
ഇന്ത്യ–പാക്കിസ്ഥാന്‍ ഹൈ വോള്‍ട്ടേജ് ത്രില്ലര്‍ ഇന്ന് രാത്രി ഏഴരയ്ക്ക്. ട്വന്റി–20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ ആദ്യമല്‍സരമാണിത്. വിരാട് കോലിയുടെ കീഴില്‍ ആദ്യമായും അവസാനമായും ടീം ഇന്ത്യ ഇറങ്ങുന്ന ട്വന്റി–20 ലോകകപ്പാണ് ഇത്. പാക്കിസ്ഥാനെതിരെ രണ്ട് വട്ടം മാന്‍ ഓഫ് ദ് മാച്ചായ വിരാട് കോലി തന്നെയാണ് ഇന്ത്യയുടെ കീ പ്ലേയര്‍. കോലിയെ ട്വന്റി–20 ലോകകപ്പില്‍ ഒരിക്കല്‍ പോലും പുറത്താക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല.
രോഹിത് ശര്‍മയും രാഹുലുമാകും ഓപ്പണര്‍മാര്‍. ജസ്പ്രീത് ബുംറയാണ് ബോളിങ് യൂണിറ്റിനെ നയിക്കുക.
ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ നട്ടെല്ല്. യുവബോളര്‍ ഷഹീന്‍ അഫ്രീദി ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകും.പാക്കിസ്ഥാന്‍ പന്ത്രണ്ടംഗ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് പോരാട്ടങ്ങളുടെ കണക്കെടുത്താൽ 12–0 എന്ന മികച്ച നിലയിലാണ് ഇന്ത്യ. ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ ഇരു ടീമുകളും പൊരുതിയപ്പോഴെല്ലാം ഇന്ത്യയാണു ജയിച്ചത്. ഏകദിന ലോകകപ്പിൽ ഏഴു വട്ടവും ട്വന്റി20യിൽ അഞ്ച് തവണയും ഇന്ത്യ ജയിച്ചു. മൂന്നരയ്ക്ക് തുടങ്ങുന്ന ഇന്നത്തെ ആദ്യമല്‍സരത്തില്‍ ബംഗ്ലദേശ്, ശ്രീലങ്കയെ നേരിടും.