ഇന്ത്യക്കാർക്ക് യുകെയിൽ ഏർപ്പെടുത്തിയ ക്വാറന്റീൻ പിൻവലിച്ചില്ലെങ്കിൽ തിരിച്ചും നടപടിയെന്ന് ഇന്ത്യ.
ന്യൂഡൽഹി : കോവിഡ് വാക്സീൻ എടുത്ത ഇന്ത്യക്കാർക്ക് യുകെയിൽ ക്വാറന്റീൻ ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം തിരിച്ചും നടപടിയുണ്ടാകുമെന്നും ഇന്ത്യ ബ്രിട്ടനെ അറിയിച്ചു.ന്യൂയോർക്കിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസുമായി നടത്തിയ ചർച്ചയിൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
ബ്രിട്ടിഷ് നിർമിത ഓക്സ്ഫഡ് അസ്ട്രാസെനക വാക്സീന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് എടുത്തവർക്കു പോലും 10 ദിവസം ക്വാറന്റീൻ ഏർപ്പെടുത്തിയത് വിവേചനമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ല പറഞ്ഞു.
യുഎൻ പൊതുസഭാ യോഗത്തിനു മുന്നോടിയായുള്ള ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കാനാണ് ജയശങ്കർ ന്യൂയോർക്കിലെത്തിയത്. ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയും ന്യൂയോർക്കിലാണ്.സാധാരണ പരസ്പര ധാരണപ്രകാരമാണ് കോവിഡ് യാത്രാനുമതി നൽകുന്നത്. ഈ വിഷയത്തിലും അതേ രീതിയിലാണ് ഇന്ത്യ പ്രതികരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യക്കാർക്ക് യുകെയിൽ വാക്സീൻ എടുക്കാത്തവർക്കുള്ള 10 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയ നടപടിയിൽ ഉടൻ പരിഹാരം വേണമെന്ന് മന്ത്രിതല ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു.