Spread the love

ഇന്ത്യ – യുഎസ് സ്വതന്ത്ര വ്യാപാര കരാർ അനിശ്ചിതത്വത്തിൽ ;യുഎസിനു താൽപര്യമില്ലെന്ന് കേന്ദ്രമന്ത്രി.
……………..
ന്യൂഡൽഹി : ഇന്ത്യയും യുഎസുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അനിശ്ചിതത്വത്തിലായി. കരാറുണ്ടാക്കാൻ യുഎസിനു താൽപര്യമില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണു വ്യക്തമാക്കിയത്. യുഎസിന്റെ തണുപ്പൻ സമീപനമാണ് ഈ വിലയിരുത്തലിനു മന്ത്രിയെ പ്രേരിപ്പിച്ചതെന്നാണു സൂചന. ഇക്കാര്യത്തിൽ പുതുതായി യുഎസിന്റെ പ്രസ്താവനയുണ്ടായിട്ടില്ല.ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിനു മുൻപു കരാറുണ്ടാകുമെന്ന നിലയിലായിരുന്നു മോദി സർക്കാർ കാര്യങ്ങൾ നീക്കിയത്. എന്നാൽ, പല വിഷയങ്ങളിലും ധാരണ സാധ്യമായില്ല. ആദ്യം പരിമിതമായ കരാറും പിന്നീട് വിശാല കരാറും എന്ന രീതിയിലും ശ്രമമുണ്ടായി. എന്നാൽ, പരിമിത കരാർ സാധ്യമല്ലെന്ന നിലയിലേക്കു കഴിഞ്ഞ ഫെബ്രുവരിയിൽ കാര്യങ്ങളെത്തി. വിശാല ധാരണയ്ക്കു ശ്രമിക്കുന്നതായി അന്നു പീയുഷ് ഗോയൽ പറഞ്ഞിരുന്നു. അതും സാധിക്കുന്നില്ലെന്നാണ് ഇപ്പോൾ അദ്ദേഹം തന്നെ പറയുന്നത്.
പല രാജ്യങ്ങളുമായുമുള്ള വ്യാപാര ഇടപാടുകളിൽ യുഎസിനു വലിയ നേട്ടമില്ലെന്ന വിലയിരുത്തലാണു ട്രംപിനുണ്ടായിരുന്നത്. യുഎസിലുള്ളവരുടെ തൊഴിൽ സംരക്ഷണത്തിനു നടപടി വേണമെന്നും റിപ്പബ്ലിക്കൻ പാർട്ടിക്കാർ നിലപാടെടുത്തത് ഡമോക്രാറ്റുകൾക്കിടയിൽ ചാഞ്ചല്യമുണ്ടാക്കി. ഈ സാഹചര്യം കൂടി നേരിടാനാണ് യുഎസിന്റെ താൽപര്യങ്ങൾക്കു ഗണ്യമായ മേൽക്കയ്യില്ലാത്ത കരാറുകളിൽ ഏർപ്പെടേണ്ടെന്ന നിലപാടിലേക്കു ബൈഡൻ ഭരണകൂടം മാറിയതെന്നാണ് സൂചന. ഒപ്പം, ആമസോൺ ഉൾപ്പെടെ ചില കമ്പനികളോടു മോദി സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങളിലും യുഎസിൽ വിമർശനമുയർന്നിട്ടുണ്ട്. ആമസോണും ഫ്ലിപ്കാർട്ടും കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണം നേരിടണമെന്ന് ഈ മാസം 9നു സുപ്രീംകോടതി പറഞ്ഞതിനെ ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെടുത്തിയാണ് ഗോയൽ സ്വാഗതം ചെയ്തത്. കാർഷികോൽപന്നങ്ങളുടെ വ്യാപാരം, ബൗദ്ധിക സ്വത്തവകാശം, ഇ–കൊമേഴ്സ് തുടങ്ങിയവയിൽ യുഎസ് ആവശ്യപ്പെടുന്ന ഇളവുകൾ നൽകുക സാധ്യമല്ലെന്ന് ഇന്ത്യ നിലപാടെടുത്തതും ഈ പിന്മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
ഇപ്പോൾ യുകെയുമായും യുഎഇയുമായും വ്യാപാര കരാറിനുള്ള നടപടികൾ പുരോഗമിക്കുന്നെന്നാണു മന്ത്രി സൂചിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ ചർച്ച തുടങ്ങാനാകുമെന്ന് യുകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി, തൊഴിൽ സാഹചര്യം തുടങ്ങിയവ സംബന്ധിച്ച യൂറോപ്യൻ യൂണിയന്റെ കർശന നിലപാട് ആ കൂട്ടായ്മയുമായുള്ള വ്യാപാര കരാർ ചർച്ചകളുടെ പുരോഗതിയെ ബാധിച്ചിരുന്നു.
രണ്ടു വിഷയങ്ങളിലും യുകെയ്ക്കും സമാന നിലപാടുകളുണ്ട്. അതുകൊണ്ടുതന്നെ യുകെയുമായുള്ള കരാറിൽ എത്രത്തോളം പ്രതീക്ഷ വയ്ക്കാമെന്ന സംശയം സർക്കാർ വൃത്തങ്ങൾ തന്നെ ഉന്നയിക്കുന്നുണ്ട്.

Leave a Reply