ന്യൂഡല്‍ഹി∙ കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വിജയ് മല്യ ഉള്‍പ്പെടെയുള്ളവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കുന്നതിനായി സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.), ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) എന്നിവയുടെ ഉന്നതതല സംയുക്ത സംഘം ഉടന്‍ തന്നെ യുകെയിലേക്കു പോകും.
ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരി, വജ്ര വ്യാപാരി നീരവ് മോദി, കിങ്ഫിഷര്‍ ഉടമ വിജയ് മല്യ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. യുകെയിലും മറ്റു രാജ്യങ്ങളിലും ഇവര്‍ക്കുള്ള സ്വത്ത് കണ്ടെത്തി കണ്ടുകെട്ടാനുള്ള നീക്കങ്ങളും സജീവമാണ്. വിദേശകാര്യ മന്ത്രാലയത്തില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം യുകെയിലേക്കു പോകുക. യുകെയില്‍ വിവിധ ഏജന്‍സികളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും.
മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ഉടമ്പടി (എംഎൽഎടി) പ്രകാരം കുറച്ചു കാലമായി യുകെ അധികാരികളുമായി ലണ്ടനിലേക്കു പോകുന്ന സംഘം ചർച്ച നടത്തുന്നുണ്ട്. യുകെയും ഇന്ത്യയും എംഎൽഎടിയിൽ ഒപ്പുവച്ച രാജ്യങ്ങളാണ്. ഇതനുസരിച്ച് സാമ്പത്തിക കുറ്റവാളികളുമായി ബന്ധപ്പെട്ട ക്രിമിനൽ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ ബാധ്യസ്ഥരാണ്. എംഎൽഎടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നോഡൽ മന്ത്രാലയമെങ്കിലും, ഈ കേസുമായി ബന്ധപ്പെട്ടുള്ള യുകെയുമായുള്ള നയതന്ത്ര ഇടപെടലുകളിൽ വിദേശകാര്യ മന്ത്രാലയവും ഉൾപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ അഭ്യർഥനകളും വിദേശകാര്യ മന്ത്രാലയം വഴിയാണ് വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരിക്കുന്നത്.