Spread the love

ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷനില്‍ മൂക്കും കുത്തി വീണ് ഇന്ത്യന്‍ 2. കമൽഹാസനും സംവിധായകന്‍ ഷങ്കറും ഒന്നിച്ച ചിത്രത്തിന്റെ തിങ്കളാഴ്ചത്തെ കണക്കാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊതുവെ തിങ്കളാഴ്ചകളിൽ സാധാരണമായി കളക്ഷന്‍ കുറയുമെങ്കിലും ഇന്ത്യന്‍ 2വിന് കുറച്ചുകൂടി വലിയ തിരിച്ചടിയാണ് കിട്ടിയത് എന്ന് റിപോർട്ടുകൾ പറയുന്നു..

ചിത്രം തീയറ്ററുകളിൽ എത്തിയതു മുതൽ എല്ലാ ഭാഗത്തുനിന്നും നെഗറ്റീവ് റിവ്യൂകളാണ് ലഭിച്ചത്. അതിനാല്‍ തന്നെ അടുത്താഴ്ച ചിത്രത്തിന് അതിജീവിക്കാന്‍ തിങ്കളാഴ്ചത്തെ കളക്ഷന്‍ നിര്‍ണ്ണായകമായിരുന്നു. ഇതിലാണിപ്പോൾ ചിത്രം മൂക്കും കുത്തി വീണിരിക്കുന്നത്.

വന്‍ ചിത്രങ്ങളുടെ ഭാവി തീരുമാനിക്കുന്നതില്‍ പ്രധാനമാണ് ആദ്യ തിങ്കളാഴ്ചയിലെ കളക്ഷന്‍. അതിനാല്‍ തന്നെ മൂവി ട്രേഡ് അനലിസ്റ്റുകള്‍ ഇതിനെ ‘മണ്‍ഡേ ടെസ്റ്റ്’ എന്നാണ് വിളിക്കാറ്. ഞായറാഴ്ചത്തെ കളക്ഷനില്‍ നിന്നും തിങ്കള്‍ കളക്ഷനില്‍ എത്തുമ്പോള്‍ സ്വാഭാവിക കുറവ് കാണുമെങ്കിലും തിങ്കളാഴ്ച വന്‍ വീഴ്ചയില്ലാതെ പടം പിടിച്ചു നിന്നാല്‍ ആ ചിത്രം ‘മണ്‍ഡേ ടെസ്റ്റ്’ പാസായെന്ന് പറയാം.

മൂവി ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്.കോം കണക്ക് പ്രകാരം ഇന്ത്യന്‍ 2 തിങ്കളാഴ്ച 3.15 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നെറ്റ് നേടിയത്. കഴിഞ്ഞ ഞായറാഴ്ച ചിത്രം 15.35 കോടി നേടിയിരുന്നു. ഇത് വച്ച് താരതമ്യം ചെയ്യുമ്പോള്‍ വന്‍ ഇടിവാണ് ഇന്ത്യന്‍ 2വിന് സംഭവിച്ചത്. റിലീസ് ദിനമായ ജൂലൈ 12ന് ഇന്ത്യന്‍ 2വിന്‍റെ ഇന്ത്യന്‍ ബോക്സോഫീസ് 25.6 കോടിയായിരുന്നു. രണ്ടാം ദിനം അത് വീണ്ടും കുറഞ്ഞു 18.2 കോടിയായി.

അടുത്തിടെ ചിത്രത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ അണിയറക്കാര്‍ ചിത്രത്തില്‍ നിന്നും 20 മിനുട്ട് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും പടത്തെ രക്ഷിക്കില്ലെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്. സംവിധായകന്‍ ഷങ്കറിന്‍റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായി മാറുകയാണ് ഇന്ത്യന്‍ 2.

ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഇന്ത്യന്‍ 2വില്‍ സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്.

ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ. രവി വർമ്മനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിംഗ്.

Leave a Reply