Spread the love
ഒക്ടോബര്‍ 8- ഇന്ത്യന്‍ വ്യോമസേനാ ദിനം.

എല്ലാ വർഷവും ഒക്ടോബർ 8 ന് ഇന്ത്യൻ വ്യോമസേനാ ദിനം ആചരിക്കുന്നു, ഇന്ത്യന്‍ സായുധ സേനയുടെ ആകാശസേനയാണ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് (ഐഎഎഫ്). ലോകത്തിലെ വായുസേനാ ശക്തികളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 1932 ഒക്ടോബര്‍ 8 ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സഹായസേനയായി ഔദ്യോഗികമായി ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് സ്ഥാപിതമായി. 1947 -ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നാണ് വിളിച്ചിരുന്നത്. 1950 ല്‍ ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയപ്പോള്‍ ബ്രിട്ടീഷ് ബന്ധം സൂചിപ്പിച്ചിരുന്ന റോയല്‍ എന്ന വാക്ക് മാറ്റി ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എന്ന് അറിയപ്പെടാൻ തുടങ്ങി.

ഇന്ത്യന്‍ രാഷ്ട്രപതിയാണ് ഐ.എ.എഫിന്റെ സുപ്രീം കമാന്‍ഡര്‍ പദവി വഹിക്കുന്നത്. 1.40 ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ സേവനത്തിലുണ്ട്. ഒന്നര ലക്ഷത്തോളമുള്ള വിമുക്ത സൈനികരും വ്യോമസേന ഉൾപ്പെടുത്തുന്നു. ഫോര്‍ സ്റ്റാര്‍ ഓഫീസറായ എയര്‍ ചീഫ് മാര്‍ഷലാണ് എയര്‍ ഫോഴ്സിന്റെ തലവന്‍. 2021 ഒക്ടോബര്‍ 01 ന് എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി വ്യോമസേനാ മേധാവിയായി.

ഗോവയിലെ പോര്‍ട്ടുഗീസ് ആധിപത്യം അവസാനിപ്പിച്ച ഓപ്പറേഷന്‍ വിജയ്, ഹിമാലയത്തിലെ സിയാച്ചിന്‍ മേഖലയിലെ ആധിപത്യം ഉറപ്പിച്ച ഓപ്പറേഷന്‍ മേഘദൂത്, മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞ ഓപ്പറേഷന്‍ കാക്റ്റസ്, ശ്രീലങ്കയിലെ സൈനിക നടപടിയായ ഓപ്പറേഷന്‍ പൂമലൈ എന്നിവയാണ് ഐഎഎഫ് ഏറ്റെടുത്ത പ്രധാന പ്രവര്‍ത്തനങ്ങള്‍. 1950 മുതല്‍ ഐ.എ.എഫ് പാകിസ്ഥാനുമായി നാല് യുദ്ധങ്ങളില്‍ ഏർപ്പെട്ടു.

2013 ഓഗസ്റ്റ് 20-ന് ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലിസ് C-130J ഏറ്റവും ഉയരത്തില്‍ ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡി എയര്‍സ്ട്രിപ്പില്‍ സുരക്ഷിത ലാന്‍ഡിംഗ് നടത്തി- 5,065 മീറ്റര്‍ (16,617 അടി) ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. . 33 സ്‌ക്വാഡ്രണുകളായി ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുന്നു. നൂറു കിലോമീറ്ററിനുള്ളില്‍ പോലും ശത്രുവിന്റെ നീക്കം അറിയാന്‍ കഴിയുന്ന റഫേല്‍ വിമാനമുള്‍പ്പെടെ ഇന്ത്യയുടെ ശേഖരത്തിലിന്നുണ്ട്. ഇന്ത്യന്‍ വ്യോമസേന അഭിമാനാര്‍ഹമായ സേവനങ്ങളാണ് ചെയ്തുവരുന്നത് .

Leave a Reply