പാസ്‍പോര്‍ട്ടില്‍ പരസ്യ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ പ്രത്യേക നിര്‍ദേശവുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. പാസ്‍പോര്‍ട്ടുകള്‍ വികൃതമാക്കാന്‍ ആരെയും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്ത രഹിതമായി പെരുമാറുന്ന നിരവധി ട്രാവല്‍ ഏജന്റുമാര്‍ പാസ്‍പോര്‍ട്ടുകളെ പരസ്യം പതിക്കാനുള്ള വസ്‍തുവായാണ് കണക്കാക്കുന്നതെന്ന് കോണ്‍സുലേറ്റ് ആരോപിച്ചു. തങ്ങളുടെ ഏജന്‍സികളുടെയും കമ്പനികളുടെയും സ്റ്റിക്കറുകള്‍ പതിച്ച് പാസ്‍പോര്‍ട്ടുകളുടെ കവര്‍ വികൃതമാക്കുകയാണ് ചെയ്യുന്നത്. ഇത് ഇന്ത്യന്‍ ഗവണ്‍മെന്റ് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ഇന്ത്യന്‍ പാസ്‍പോര്‍ട്ട് ഉടമകളായ എല്ലാവരും, തങ്ങളുടെ പാസ്‍പോര്‍ട്ടുകള്‍ ട്രാവല്‍ ഏജന്റുമാരോ മറ്റ് ആരെങ്കിലുമോ ഇത്തരത്തില്‍ വികൃതമാക്കുന്നില്ലെന്ന് എപ്പോഴും ഉറപ്പുവരുത്തണമെന്നും അറിയിപ്പിലുണ്ട്.