
ന്യൂഡൽഹി : ദേശീയ മെഡിക്കൽ കമ്മിഷന് (എൻഎംസി) വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എജ്യുക്കേഷന്റെ അംഗീകാരം. പത്തുവർഷത്തേക്കാണ് അംഗീകാരം. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ചു വാർത്താക്കുറിപ്പു പുറത്തുവിട്ടു. ഡബ്ല്യുഎഫ്എംഇയുടെ അംഗീകാരം ലഭിച്ചതോടെ യുഎസ്, കാനഡ, ഓസ്‍ട്രേലിയ, ന്യൂസിലാൻഡ് എന്നി രാജ്യങ്ങളിൽ ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്കു പരിശീലനം നടത്താം.
നിലവിലുള്ള 706 മെഡിക്കൽ കോളജുകൾക്കും ഡബ്ല്യുഎഫ്എംഇ അംഗീകാരം ലഭിക്കും. പത്തുവർഷത്തിനുള്ളിൽ രൂപീകരിക്കുന്ന പുതിയ മെഡിക്കൽ കോളജുകൾക്കും ഡബ്ല്യുഎഫ്എംഇയുടെ അക്രഡിറ്റേഷൻ ലഭിക്കും. ഈ അംഗീകാരം രാജ്യാന്തര തലത്തിൽ വിദ്യാർഥികളെ ഇന്ത്യയിലേക്ക് ആകർഷിക്കും.
കൂടാതെ ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാന്‍ എൻഎംസിക്കു സാധിക്കും. ലോകത്താകമാനമുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാണു രാജ്യാന്തര സംഘടനയായ ദ വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എജ്യുക്കേഷൻ പ്രവർത്തിക്കുന്നത്. ജനങ്ങൾക്കു മികച്ച ആരോഗ്യം ഉറപ്പുവരുത്തകയെന്നതാണു ലക്ഷ്യം.