Spread the love
സൗദി തൊഴിൽ വിസക്ക് ഇന്ത്യൻ പി.സി.സി നിർബന്ധം; വിസ നടപടികൾക്ക് സമയമെടുക്കുമെന്ന് ട്രാവൽ ഏജന്റുമാർ

റിയാദ്: സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസയിൽ വരാൻ ഉദ്ദേശിക്കുന്നവർക്ക് ഇന്ത്യയിൽ നിന്ന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നിർബന്ധമാണെന്ന വ്യവസ്ഥ ഇന്ന് മുതൽ പ്രാബല്യത്തിലാവും. പുതിയ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ സമർപ്പിക്കുന്ന പാസ്‌പോർട്ടുകൾക്കൊപ്പം പി.സി.സി സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണമെന്നാണ് മുംബൈയിലെ സൗദി കോൺസുലേറ്റ് എല്ലാ ട്രാവൽ ഏജന്റുമാരോടും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നിശ്ചിത തീയതിക്ക് മുമ്പ് സ്റ്റാമ്പ് ചെയ്ത വിസകൾക്ക് പി.സി.സി നിർബന്ധമില്ല.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോർട്ട് സേവനങ്ങൾക്കുള്ള പാസ്‌പോർട്ട് സേവ കേന്ദ്ര സൈറ്റ് വഴിയാണ് പി.സി.സിക്ക് അപേക്ഷ നൽകേണ്ടത്. ഓൺലൈനിൽ ഫോം പൂരിപ്പിച്ച് നിശ്ചിത സേവ കേന്ദ്രത്തിലേക്ക് അപ്പോയിൻമെന്റെടുക്കണം. നിശ്ചിത ദിവസം നേരിട്ടെത്തി അപേക്ഷ നൽകണം. തുടർന്ന് പോലീസ് വെരിഫിക്കേഷൻ നടക്കും.

പിന്നീട് നേരിട്ടോ പോസ്റ്റൽ ആയോ സർട്ടിഫിക്കറ്റ് ലഭിക്കും. 15 മുതൽ 20 വരെ ദിവസമെടുക്കുന്ന നടപടികളാണിതിനുളളത്. നാട്ടിൽ പോലീസ് കേസോ മറ്റോ ഉണ്ടെങ്കിൽ അത് ക്ലിയർ ചെയ്യുന്നത് വരെ അത്തരം വ്യക്തികൾക്ക് പോലീസ് ക്ലിയറൻസ് ലഭിക്കില്ല. അതോടെ നാട്ടിലെ കേസിലെ പ്രതികൾക്കും മറ്റു കുറ്റവാളികൾക്കും സൗദിയിലേക്ക് പുതിയ വിസകളിൽ എത്താൻ ഇനി മുതൽ സാധിക്കില്ല.

പി.സി.സി സർട്ടിഫിക്കറ്റ് കിട്ടിയ ശേഷം മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എടുക്കണം. ശേഷമാണ് വിസ സ്റ്റാമ്പിംഗ് നടപടികൾ ആരംഭിക്കുക. പി.സി.സി കൂടി നിർബന്ധമാക്കിയതോടെ തൊഴിൽ വിസ സ്റ്റാമ്പിംഗിന് കാലതാമസമെടുക്കുമെന്ന് വിസ ഏജൻസികൾ അറിയിച്ചു.
ന്യൂദൽഹിയിലെ സൗദി എംബസിയിൽ സൗദിയിലേക്കുള്ള തൊഴിൽ വിസകൾക്ക് നേരത്തെ തന്നെ പി.സി.സി നിർബന്ധമാണ്.

മുംബൈയിലെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കർക്കശ നിലപാട് പുലർത്തിയിരുന്നില്ല. മുംബൈ കോൺസുലേറ്റ് കൂടി പി.സി.സി നിർബന്ധമാക്കിയതോടെ സർട്ടിഫിക്കറ്റ് അപേക്ഷകരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.
അതേസമയം വിവിധ ട്രാവൽ ഏജൻസികളിൽ പുതിയ വിസ സ്റ്റാമ്പിംഗിന് നിരവധി പാസ്‌പോർട്ടുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇവയെല്ലാം പി.സി.സിക്ക് വേണ്ടി അതത് വ്യക്തികൾക്ക് തിരിച്ചുകൊടുക്കുകയെന്നത് പ്രയാസവുമാണ്. ഇക്കാരണത്താൽ പി.സി.സി വ്യവസ്ഥ നടപ്പാക്കാൻ സാവകാശം വേണമെന്ന് ട്രാവൽ ഏജന്റുമാർ കോൺസുലേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply