
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിമ മിര്‍സ വിരമിക്കുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ആദ്യ റൗണ്ടിലെ തോല്‍വിക്ക് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇത് തന്റെ കരിയറിലെ അവസാന സീസണാണ് എന്ന് സാനിയ പറഞ്ഞു.
മുട്ടുവേദന അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്നും പൂര്‍ണമുക്തയാകാനായിട്ടില്ല. ഇത് അടക്കമുള്ള പ്രശ്‌നങ്ങള്‍ തന്റെ പ്രകടനത്തെ ബാധിക്കുന്നതായി 35 കാരിയായ സാനിയ മിര്‍സ പറഞ്ഞു. അതിനാല്‍ ഈ സീസണോടെ വിരമിക്കും. വിരമിക്കല്‍ തീരുമാനം കഴിഞ്ഞവര്‍ഷം അവസാനത്തോടെ തന്നെ എടുത്തിരുന്നതായും താരം വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സ്ലോവേനിയയുടെ ടമാറ സിഡാന്‍സെക്, കാജാ യുവാന്‍ ജോഡിയോടാണ്, സാനിയയും ഉക്രൈന്‍ താരമായ നാദിയ കിച്‌നോക് സഖ്യം പരാജയപ്പെട്ടത്. ഒരു മണിക്കൂര്‍ 37 മിനുട്ട് നീണ്ട പോരാട്ടത്തില്‍, 4-6,6-7 എന്ന സ്‌കോറിനായിരുന്നു തോല്‍വി.
ഗ്രാന്‍സ്ലാം കിരിടം നേടിയ ആദ്യ ഇന്ത്യാക്കാരി
വിംബിള്‍ഡണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യാക്കാരിയാണ്. ഡബിള്‍സില്‍ മുന്‍ ഒന്നാം നമ്പര്‍ താരമാണ്. കരിയറില്‍ ആറ് ഗ്രാന്‍സ്ലാം കിരീടം സാനിയ സ്വന്തമാക്കിയിട്ടുണ്ട്. ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം സാനിയയെ ആദരിച്ചിട്ടുണ്ട്.