
ഗുജറാത്ത് യുവതിയുടെ സ്വയം വിവാഹം ഒടുവിൽ യാഥാർഥ്യമായി. ഗുജറാത്തിലെ വഡോദരയിൽ ക്ഷമ ബിന്ദു ആണ് സ്വയം വിവാഹിതയായത്. ഉത്തരേന്ത്യന്‍ വിവാഹത്തിലെ ഒഴിച്ചുകൂടാനാകാത്ത ഹല്‍ദി, മെഹന്ദി ചടങ്ങളോടെയായിരുന്നു വിവാഹം. നിശ്ചയിച്ച തീയതിക്ക് രണ്ട് ദിവസം മുമ്പേ ആണ് വിവാഹിതയായത്. പ്രശ്നങ്ങൾ ഒഴിവാക്കാനും വിവാദങ്ങൾ ഇല്ലാതിരിക്കാനും വേണ്ടിയാണ് നിശ്ചയിച്ച തീയതിക്കും മുമ്പേ വിവാഹച്ചടങ്ങ് നടത്തിയതെന്ന് അവർ പറഞ്ഞു. നേരത്തെ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ എതിർപ്പിനെ തുടർന്ന് വേദി മാറ്റി. വിവാഹ ശേഷം ഗോവയിലേക്കൊരു രണ്ടാഴ്ച നീളുന്ന ഹണിമൂണിനും ക്ഷമ പദ്ധതിയിട്ടിട്ടുണ്ട്.
‘ഞാൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു’-ക്ഷമ പറയുന്നു. മാതാപിതാക്കൾ തുറന്ന മനസ്സുള്ളവരാണെന്നും അവർ വിവാഹത്തിന് സമ്മതിച്ചെന്നും അനുഗ്രഹം നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഇതോടെ ഒരു വ്യക്തി അയാളെ തന്നെ ഇണയായി തെരഞ്ഞെടുക്കുന്ന ‘സോളോഗമി’ ഇന്ത്യയിലും യാഥാര്‍ഥ്യമായെന്നാണ് ക്ഷമ പറയുന്നു. എല്ലാവരും അവര്‍ക്കിഷ്ടമുള്ളവരെ വിവാഹം കഴിക്കുമ്പോള്‍ താന്‍ ഏറ്റവും സ്നേഹിക്കുന്ന തന്നെ ‘പങ്കാളി’ ആയി കാണുന്നതില്‍ തെറ്റുണ്ടോയെന്നാണ് ക്ഷമയുടെ ചോദ്യം.