Spread the love

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന സിനിമയുടെ റിലീസ് വിവരങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ. രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. സിനിമ നിർമാതാക്കളിൽ ഒരാളായ നമിത് മല്‍ഹോത്രയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘5000 വർഷത്തിലേറെയായി കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ ഇടംനേടിയ ഈ ഇതിഹാസം ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരുന്നതിനുള്ള ആഗ്രഹം ഒരു ദശാബ്ദത്തിന് മുന്നേ ഞാൻ ആരംഭിച്ചതാണ്. ഇന്ന്, നമ്മുടെ ടീമിന്റെ അശ്രാന്ത പരിശ്രമത്തിലൂടെ അത് മനോഹരമായി രൂപപ്പെടുന്നത് കാണുന്നതിൽ ഞാൻ ആവേശഭരിതനാണ്. മഹത്തായ ഈ ഇതിഹാസം അഭിമാനത്തോടെയും ആദരവോടെയും ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരിക എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ ഞങ്ങളോടൊപ്പം ചേരൂ,’ നമിത് മല്‍ഹോത്ര സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

രൺബീർ കപൂർ, സായി പല്ലവി, യഷ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. രൺബീർ കപൂറിനെ രാമനായി അവതരിപ്പിക്കുന്നു, സായി പല്ലവി സീതയെയും യഷ് രാവണനെയും അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപണഖയായും അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും എന്നും സൂചനകളുണ്ട്. ഏകദേശം 835 കോടി രൂപ ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply