Spread the love

ന്യൂഡൽഹി ∙ അതിഥികളിൽനിന്ന് രാജ്യത്തിന്റെ യാഥാർഥ്യം സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘‘കേന്ദ്ര സർക്കാർ നമ്മുടെ പാവപ്പെട്ട ആളുകളെയും മൃഗങ്ങളെയും മറയ്ക്കുന്നു. ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽനിന്നും മറച്ചുവയ്ക്കേണ്ട ആവശ്യമില്ല’’– എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ അദ്ദേഹം പോസ്റ്റ് ചെയ്തു.
മഹാത്മാഗാന്ധി സ്മാരകത്തിലേക്കുള്ള ജി20 പ്രതിനിധികളുടെ സന്ദർശനത്തിന് മുന്നോടിയായി സെൻട്രൽ ഡൽഹിയിലെ രാജ്ഘട്ടിലും പരിസരങ്ങളിലും കുരങ്ങുകളുടെയും നായ്ക്കളുടെയും ശല്യം തടയാൻ ഡൽഹി പൊലീസ് ഏജൻസികളുടെ സഹായം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാജ്യാന്തര നേതാക്കൾ സഞ്ചരിക്കാൻ സാധ്യതയുള്ള മുനീർക്ക ട്രാഫിക് ജംക്‌ഷനു സമീപമുള്ള ചേരിയും പൊലീസ് മറച്ചിരുന്നു.

നേരത്തേ, ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ആതിഥ്യം വഹിക്കുന്ന അത്താഴവിരുന്നിലേക്കു കോൺഗ്രസ് ദേശീയ അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയെ ക്ഷണിക്കാത്തതിനെയും രാഹുൽ വിമർശിച്ചിരുന്നു. ജനസംഖ്യയിലെ 60 ശതമാനത്തെ പ്രതിനിധീകരിക്കുന്ന നേതാക്കളെ കേന്ദ്ര സർക്കാർ വിലമതിക്കുന്നില്ലെന്ന് രാഹുൽ ആരോപിച്ചു.

Leave a Reply