മസ്കറ്റ് :സ്വദേശിവൽക്കരണത്തിൽ ഭാഗമായി നിലവിൽ ജോലി ചെയ്യുന്ന 2700 ഓളം പ്രവാസി അധ്യാപകർക്ക് ജോലി നഷ്ടമാകും.
നിലവിൽ ഒമാനിൽ വിവിധ ഹയർ സെക്രട്ടറി തലം വരെയുള്ള സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കാണ് ജോലി നഷ്ടമാവുക എന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസി അധ്യാപകർക്ക് ജോലി നഷ്ടമാവും.അടുത്ത ഒരു വർഷത്തിനുള്ളിൽ സർക്കാർ-സ്വകാര്യ മേഖലകളിലായി 32,000ത്തോളം തൊഴിൽ അവസരങ്ങൾ സ്വദേശികൾക്കായി സൃഷ്ടിക്കുമെന്ന് കഴിഞ്ഞദിവസം ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
മലയാളികളുൾപ്പെടെ ഇന്ത്യൻ പ്രവാസികൾ കൂടുതലായുള്ള മേഖലകളിലൊന്നാണ് വിദ്യാഭ്യാസ മേഖല. രാജ്യത്ത് സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാവുകയും, അവർക്കിടയിൽ പ്രതിഷേധം ശക്തമാകുകയും ചെയ്തതിന് പിന്നാലെയാണ് സ്വദേശിവൽക്കരണത്തിലേക്ക് നീങ്ങാൻ ഒമാൻ തീരുമാനിച്ചത്.രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസം. ആയിരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഒമാനിലെ ഇന്ത്യൻ അധ്യാപകരിൽ കൂടുതലും വനിതകളാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതിനിടെ, കോവിഡും, സ്വദേശിവത്കരണവും മൂലം രാജ്യത്തെ പ്രവാസി ജോലിക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.പുതിയ അക്കാദമിക വർഷം തുടക്കം മുതൽ നിലവിലുള്ള പ്രവാസികളെ പിരിച്ചുവിട്ട് ഒമാൻ അധ്യാപകരെ നിയമിക്കാനാണ് അധികൃതരുടെ പദ്ധതി.