തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു. രണ്ട് ദിവസത്തിനിടെ 30,000ത്തോളം പനിബാധിതരാണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്ത മൂന്നില്‍ ഒന്ന് പനിക്കേസുകളും വടക്കന്‍ ജില്ലകളിലാണ്.
മലപ്പുറത്ത് ശനിയാഴ്ച മാത്രം 2243 പേര്‍ക്ക് പനി ബാധിച്ചു. രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് 28,643 പേര്‍ക്കാണ് പനി ബാധിച്ചത്. കൊവിഡ് കേസുകള്‍ക്ക് പുറമെയാണ് ഈ കണക്കുകള്‍. സംസ്ഥാനത്ത് ഇന്നലെ 12 ചിക്കന്‍പോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 19 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വയനാട്ടില്‍ 7 പേര്‍ക്ക് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചു.
അതേസമയം, കേരളത്തില്‍ ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാത്ത് മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ബുധനാഴ്ച വരെ കേരള, കര്‍ണാടക, മഹരാഷ്ട്ര തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം. ബംഗ്ലാദേശ് ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ടെന്നും അത് വടക്കന്‍ ഒഡിഷക്ക് മുകളില്‍ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമാകുമെന്നായിരുന്നു മുന്നറിയിപ്പ്.
അതിനിടെ, രാജ്യം മുഴുവന്‍ പ്രതീക്ഷിച്ചതിനും ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു.കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ജൂലൈ 5, 6 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ബുധനാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
കേരള തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ശക്തമായ കാലവര്‍ഷക്കാറ്റിനൊപ്പം തെക്കന്‍ മഹാരാഷ്ട്രാതീരം മുതല്‍ തെക്കന്‍ ഗുജറാത്തി തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാതിയാണ് മഴയ്ക്ക് കാരണം.