Spread the love

ന്യൂഡൽഹി : രാജ്യമാകെ വിലക്കയറ്റത്തോത് ജൂലൈയിൽ 15 മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കായ 7.44 ശതമാനമായി.

ജൂണിൽ 4.87% മാത്രമായിരുന്നു. ഒറ്റയടിക്കുള്ള വർധന 2.57%. ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന നിരക്ക് 2022 ഏപ്രിലിലായിരുന്നു; 7.8%.5 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലക്കയറ്റത്തോത് 6% എന്ന റിസർവ് ബാങ്കിന്റെ സഹന പരിധി വീണ്ടും കടന്നത്. തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വിലയിലുണ്ടായ വർധനയാണ് കണക്കിൽ പ്രധാനമായും പ്രതിഫലിച്ചത്.

പച്ചക്കറിയുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോത് ജൂണിൽ (–)0.93 ആയിരുന്നത്, ജൂലൈയിൽ 37.34 ശതമാനമായി കുതിച്ചുകയറിയത്.ഈ വർധന വരും മാസങ്ങളിലും തുടർന്നാൽ റിസർവ് ബാങ്കിന്റെ പലിശനിരക്ക് വെട്ടിക്കുറയ്ക്കൽ വീണ്ടും വൈകും.അടുത്ത വർഷം ജൂലൈക്കു ശേഷം മാത്രം പലിശവെട്ടിക്കുറയ്ക്കൽ പ്രതീക്ഷിച്ചാൽ മതിയെന്നാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഐസിആർഎയുടെ വിലയിരുത്തൽ.

വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിരക്ക് ജൂണിൽ 4.49 ശതമാനമായിരുന്നത് ഇത്തവണ 11.51 ശതമാനമായി കുതിച്ചു. മേയിൽ ഇത് വെറും 2.91% ആയിരുന്നു.4 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ജൂണിൽ വിലക്കയറ്റത്തോത് വീണ്ടും ഉയർന്നുതുടങ്ങിയത്.മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) തുടർച്ചയായി നാലാം മാസവും നെഗറ്റീവിലാണ്; മൈനസ് 1.36%.

Leave a Reply