Spread the love
രാജ്യത്തെ വരിഞ്ഞുമുറുക്കി വിലക്കയറ്റം; ഉല്‍പാദനം കുറഞ്ഞതും പ്രതിസന്ധി

വിലക്കയറ്റം രാജ്യത്തെ വരിഞ്ഞുമുറുക്കുന്നു. വേനല്‍ച്ചൂടില്‍ ഉല്‍പാദനം കുറഞ്ഞത് പ്രതിസന്ധിയുടെ ആഴം കൂട്ടി. ഇന്ധനത്തിനും പാചകവാതത്തിനും വില കൂടിയത് അവശ്യസാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ദുരിതക്കയത്തിലായി.

വടക്കേന്ത്യയെ പൊള്ളിക്കുന്നത് ഇപ്പോള്‍ ഗോതമ്പിന്‍റെ വിലയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കുതിച്ചുകയറി. കിലോയ്ക്ക് ഇപ്പോള്‍ 34 രൂപയാണ് ഡല്‍ഹിയില്‍. അന്നംമുട്ടുമോയെന്ന ആശങ്കയുടെ സാഹചര്യം.

മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഗോതബിന്‍റെ റെക്കോര്‍ഡ് വില. ഈ വര്‍ഷം തുടക്കം മുതലേ വില അനുദിനം കൂടുകയായിരുന്നു. 5.8 ശതമാനത്തിന്‍റെ വര്‍ധന. 2021–22 കാലയളവില്‍ 110 ദശലക്ഷം ടണ്‍ ഗോതമ്പ് ഉല്‍പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. വിവിധ സംസ്ഥാനങ്ങള്‍ ഉഷ്ണതരംഗത്തില്‍ ചുട്ടുപൊള്ളിയതോടെ ഗോതമ്പ് ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചു. സര്‍ക്കാരിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റി. പാല്‍, ബ്രഡ്, പച്ചക്കറി, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിലയും കൂടി. യുക്രെയ്ന്‍ യുദ്ധം, വിവിധ രാജ്യങ്ങള്‍ പാം ഒായില്‍ അടക്കം ഭക്ഷ്യ എണ്ണയുടെ കയറ്റുമതി നിരോധിച്ചത്, കാര്‍ഷിക വളങ്ങളുടെ വില ഉയര്‍ന്നത് എന്നിവയും വിലക്കയറ്റത്തിന് കാരണമായി. വിലക്കയറ്റ സാഹചര്യം നിരീക്ഷിക്കാനും കാര്‍ഷിക ഉല്‍പന്നങ്ങളുടെ ലഭ്യത, ഇറക്കുമതി എന്നിവ നിരന്തരം വിലയിരുത്താനും കേന്ദ്ര ഭക്ഷ്യസെക്രട്ടറിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്.

Leave a Reply