കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് അന്തേവാസികൾ ഇറങ്ങിപ്പോയ സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. സംഭവദിവസം ജോലിയിലുണ്ടായിരുന്നവർക്ക് ശ്രദ്ധക്കുറവുണ്ടായെന്നും പ്രാഥമിക റിപ്പോർട്ടിൽ കണ്ടെത്തൽ.
പേരെടുത്ത് പറഞ്ഞില്ലെങ്കിലും അന്നേദിവസം ചുമതലയുണ്ടായിരുന്ന ഡോക്ടറും നഴ്‌സും അറ്റൻഡന്റും സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ ആറുപേർ കുറ്റക്കാരാണെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.
എന്നാൽ, ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറാക്കി ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിന് (ഡി.എച്ച്.എസ്.) നൽകാനുള്ള റിപ്പോർട്ടിൽ ജീവനക്കാരുടെ കുറവ്, ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത, ജീവനക്കാരുടെ വാദഗതികൾ തുടങ്ങിയ എല്ലാ മേഖലകളെയും പരാമർശിച്ചുകൊണ്ടുള്ള വിശദമായ 50 പേജുള്ള പഠന റിപ്പോർട്ടാണ് ഡി.എം.ഒ. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയത്.
ജീവനക്കാരുടെ വീഴ്ചയെമാത്രം കണ്ടുകൊണ്ടുള്ള തീരുമാനം പോരെന്നും മാനസികാരോഗ്യകേന്ദ്രത്തിലെ നിലവിലെ സ്ഥിതിഗതികളും ഒപ്പം ജീവനക്കാരുടെ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയുംകൂടി സർക്കാർ പരിഗണിക്കണമെന്നാണ് ഡി.എം.ഒ. റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
നിലവിലെ സൂപ്രണ്ട് ചുമതലയേറ്റിട്ട് മൂന്നരവർഷംമാത്രമേ ആയിട്ടുള്ളൂവെന്നും എന്നാൽ, അതിനുമുമ്പുള്ള വർഷങ്ങളായുള്ള സാഹചര്യങ്ങളും പോരായ്മകളും അതേപടി നിലനിൽക്കുകയാണെന്നും അന്വേഷണറിപ്പോർട്ടിലുണ്ട്.
സൂപ്രണ്ടിന്റെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർനടപടി സ്വീകരിക്കുക.