Spread the love
ക്ലാസ് മുറിക്കപ്പുറമുള്ള അറിവ് വിദ്യാർഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ നടപ്പാക്കും: മന്ത്രി

ക്ലാസമുറികൾക്കപ്പുറമുള്ള അറിവ് വിദ്യാർഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ പുതുതായി സംപ്രേഷണം തുടങ്ങുന്ന 10 പരമ്പരകൾ ഈ ലക്ഷ്യംവച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്സിലെ പുതിയ പരമ്പരകളുടെ ഉദ്ഘാടനവും ‘തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര ചിന്തകളും ഭരണഘടനാ മൂല്യങ്ങളും ലിംഗസമത്വവും ശാസ്ത്രീയ സമീപനവുമെല്ലാം ഉയർത്തിപ്പിടിക്കുന്നതിൽ ഊന്നൽ നൽകിയാകും പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുകയെന്നു മന്ത്രി പറഞ്ഞു. നാനാതുറകളിലുള്ള വിദഗ്ധരുടെ അനുഭവങ്ങൾ വിദ്യാർഥികൾക്കു ലഭ്യമാക്കുന്നതിനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് നടത്തുകയാണ്. അക്കാദമിക് തലത്തിലുള്ള പാഠപുസ്തകങ്ങൾ മാത്രമല്ല, ഓരോ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരുടെ അനുഭവങ്ങളും വിജ്ഞാനവുംകൂടി വിദ്യാർഥികൾക്കു പകർന്നു നൽകിയാലേ വിദ്യാഭ്യാസം പൂർത്തിയാകൂ, അദ്ദേഹം പറഞ്ഞു.

Leave a Reply