Spread the love

പാലക്കാട്: ഓണത്തോടനുബന്ധിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന 22 മുതല്‍ 26 വരെ aനടക്കും.

പാലക്കാട് ജില്ലയിലെ 12 സര്‍ക്കിള്‍ പരിധികളിലും പരിശോധനകള്‍ നടത്തുന്നതിനായി മൂന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ നിര്‍മ്മാണ യൂണിറ്റുകള്‍, വഴിയോര കച്ചവടസാധനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിക്‌സ്, ശര്‍ക്കര, നെയ്യ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നീ ഭക്ഷ്യ വസ്തുക്കളുടെ സാമ്ബിളുകള്‍ ശേഖരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാളയാര്‍, മീനാക്ഷിപുരം എന്നീ ചെക്കുപോസ്റ്റുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളും സാമ്ബിള്‍ ശേഖരണവും നടത്തും. ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ജില്ലയില്‍ എട്ട് യൂണിറ്റുകളില്‍നിന്ന് എട്ട് നിയമാനുസൃത സാമ്ബിളുകളും സര്‍വൈലന്‍സ് സാമ്ബിളുകളും ഗുണനിലവാര പരിശോധനക്കായി അയച്ചിട്ടുണ്ട്.ഓണക്കാല പരിശോധനകളില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ക്ക് കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ വി. ഷണ്‍മുഖന്‍ അറിയിച്ചു. അരിപ്പൊടിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞദിവസങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നടത്തിയിരുന്നു. അരിപ്പൊടി, പുട്ടുപൊടി, അപ്പം, ഇടിയപ്പം പൊടി നിര്‍മ്മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. ഓണത്തോടനുബന്ധിച്ച്‌ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഒന്നാണ് അരിപ്പൊടി. ലഭ്യമാകുന്ന ചില അരിപ്പൊടി ബ്രാന്‍ഡുകളില്‍ കീടനാശിനി അവശിഷ്ടം നിശ്ചിത അളവില്‍ കൂടുതലായി കാണപ്പെടുന്നു എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭക്ഷ്യ പരിശോധന ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതെന്നും കഴിഞ്ഞദിവസം മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

Leave a Reply